Sunday, October 19, 2008

നെല്ലിയാമ്പതി

പാലക്കാട്ടെ സമതലങ്ങളെ പിന്നിട്ട്‌ 3700 അടി ഉയരത്തിലെത്തുക. എന്നിട്ട്‌, താഴെ വന്ന സ്ഥലത്തേക്ക്‌ നോക്കുക, അത്ഭുതപ്പെടുക. നാറാണത്ത്‌ ഭ്രാന്തന്റൈ ഹോബിക്ക്‌ സമാനമായ ഒന്ന്‌. സന്ദര്‍ശകര്‍ക്ക്‌ നെല്ലിയാമ്പതി കാത്തുവെച്ചിരിക്കുന്നത്‌ ഒര്‍ഥത്തില്‍ ഇത്തരമൊരു അനുഭവമാണ്‌. വ്യൂ പോയന്റുകള്‍ എന്നറിയപ്പെടുന്ന പര്‍വതവക്കുകളെല്ലാം, താഴെത്തെ സമതലങ്ങളെ ഉയരത്തില്‍നിന്ന്‌ നോക്കാനുള്ള സ്ഥലങ്ങളാണ്‌. ചിറ്റൂരും പൊള്ളാച്ചിയും നെന്‍മാറയും പറമ്പിക്കുളം വനങ്ങളുമെല്ലാം, പര്‍വതശിഖരങ്ങള്‍ക്ക്‌ ചുറ്റും താഴെയായി നോക്കാന്‍ പാകത്തിലുണ്ട്‌.

1200 കിലോമീറ്റര്‍ നീളുന്നതാണ്‌ പശ്ചിമഘട്ടം. വടക്ക്‌ താപ്‌തി നദീതടം മുതല്‍ തെക്ക്‌ കന്യാകുമാരി വരെ അതങ്ങനെ അലസശയനം നടത്തുന്നു. പക്ഷേ, പാലക്കാട്ട്‌ വാളയാര്‍ എത്തുമ്പോഴേക്കും എന്തോ അത്ഭുതത്താല്‍ പശ്ചിമഘട്ടം അപ്രത്യക്ഷമായിരിക്കുന്നു. പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. പിന്നെയുള്ളത്‌ സമുദ്രനിരപ്പില്‍നിന്ന്‌ വെറും നൂറുമീറ്റര്‍ മാത്രം ഉയരത്തിലുള്ള പാലക്കാടന്‍ സമതലം മാത്രം. വാളയാര്‍ നിന്ന്‌ 36 കിലോമീറ്റര്‍ തെക്കെത്തണം, പശ്ചിമഘട്ടത്തെ പിന്നെ കാണാന്‍. അത്യപൂര്‍വമായ ഒരു ഭൗമപ്രതിഭാസം. പശ്ചിമഘട്ടം അപ്രത്യക്ഷമായിരിക്കുന്ന ഈ 36 കിലോമീറ്റര്‍ വരുന്ന സമതലത്തെയാണ്‌ പാലക്കാടന്‍ചുരം എന്ന്‌ വിളിക്കുന്നത്‌.

ചുരത്തിന്റെ തെക്കന്‍ അറ്റത്താണ്‌ നെല്ലിയാമ്പതി മലനിരകള്‍. പാലക്കാട്‌ പട്ടണത്തില്‍ നിന്ന്‌ വെറും മൂന്നര മണിക്കൂര്‍ യാത്രകൊണ്ട്‌, തണുപ്പിന്റെയും മഞ്ഞിന്റെയും അത്യപൂര്‍വമായ ജൈവസമ്പത്തിന്റെയും ആ മലമുകളിലെത്താം, കഴിയുന്നിടത്തെല്ലാം ചെന്ന്‌ താഴേക്ക്‌ നോക്കാം. നാരാണത്ത്‌ ഭ്രാന്തന്‍മാരായി സ്വയം സന്തോഷിക്കാം. മലമുകളിലേക്ക്‌ ഉരുട്ടിക്കയറ്റിയ കല്ല്‌ താഴേക്ക്‌ പോകുന്നത്‌ കാണുമ്പോഴത്തെ നിഷ്‌ക്കളങ്ക ആഹ്ലാദത്തില്‍ ഇടയ്‌ക്കെങ്കിലും അകപ്പെടാന്‍ ആഗ്രഹിക്കാത്ത ആരാണ്‌ ഉള്ളത്‌.





-ഇതൊടൊപ്പമുള്ള ചിത്രങ്ങളില്‍ ആദ്യത്തേത്‌ ഗൂഗിള്‍ എര്‍ത്തില്‍ നിന്നുള്ളതാണ്‌. പാലക്കാടന്‍ചുരത്തിന്റെ ഒരു ആകാശദൃശ്യം ഇതില്‍ കാണാം. തെക്കേയറ്റത്ത്‌ കാണുന്ന മലനിരകളാണ്‌ നെല്ലിയാമ്പതി. ഫോട്ടോകളില്‍ മലയണ്ണാന്റേത്‌ ഒഴികെ ബാക്കിയെല്ലാം, മഞ്ഞുമൂടിയ സീതാര്‍കുണ്ടില്‍ നിന്നുള്ളത്‌.

6 comments:

Joseph Antony said...

പാലക്കാടന്‍ ചുരത്തിന്റെ തെക്കന്‍ അറ്റത്താണ്‌ നെല്ലിയാമ്പതി മലനിരകള്‍. പാലക്കാട്‌ പട്ടണത്തില്‍ നിന്ന്‌ വെറും മൂന്നര മണിക്കൂര്‍ യാത്രകൊണ്ട്‌, തണുപ്പിന്റെയും മഞ്ഞിന്റെയും അത്യപൂര്‍വമായ ജൈവസമ്പത്തിന്റെയും ആ മലമുകളിലെത്താം, കഴിയുന്നിടത്തെല്ലാം ചെന്ന്‌ താഴേക്ക്‌ നോക്കാം. നാരാണത്ത്‌ ഭ്രാന്തന്‍മാരായി സ്വയം സന്തോഷിക്കാം. മലമുകളിലേക്ക്‌ ഉരുട്ടിക്കയറ്റിയ കല്ല്‌ താഴേക്ക്‌ പോകുന്നത്‌ കാണുമ്പോഴത്തെ നിഷ്‌ക്കളങ്ക ആഹ്ലാദത്തില്‍ ഇടയ്‌ക്കെങ്കിലും അകപ്പെടാന്‍ ആഗ്രഹിക്കാത്ത ആരാണ്‌ ഉള്ളത്‌. 'നല്ലഭൂമി'യില്‍ പുതിയ ഫോട്ടോ പോസ്‌റ്റ്‌

chithrakaran ചിത്രകാരന്‍ said...

അതിമനോഹരമായ ചിതങ്ങളാണല്ലോ... !!!

krish | കൃഷ് said...

നന്നായിട്ടുണ്ട് ചിത്രങ്ങളും വിവരണവും.

പൊറാടത്ത് said...

പോസ്റ്റ് നന്നായി. ഇതുവരെ രണ്ട് തവണ മാത്രമേ അവിടെ പോകാൻ സാധിച്ചിട്ടുള്ളൂ.

siva // ശിവ said...

കൊതിപ്പിക്കുന്ന ചിത്രങ്ങള്‍...ഈ സുന്ദരഭൂമിയിലേയ്ക്ക് ഒരു നാള്‍ ഞാനും വരും...

Silent monsoon said...

wayanadinte kuravu kananund sir.