Showing posts with label ഫോട്ടോ. Show all posts
Showing posts with label ഫോട്ടോ. Show all posts

Sunday, October 19, 2008

നെല്ലിയാമ്പതി

പാലക്കാട്ടെ സമതലങ്ങളെ പിന്നിട്ട്‌ 3700 അടി ഉയരത്തിലെത്തുക. എന്നിട്ട്‌, താഴെ വന്ന സ്ഥലത്തേക്ക്‌ നോക്കുക, അത്ഭുതപ്പെടുക. നാറാണത്ത്‌ ഭ്രാന്തന്റൈ ഹോബിക്ക്‌ സമാനമായ ഒന്ന്‌. സന്ദര്‍ശകര്‍ക്ക്‌ നെല്ലിയാമ്പതി കാത്തുവെച്ചിരിക്കുന്നത്‌ ഒര്‍ഥത്തില്‍ ഇത്തരമൊരു അനുഭവമാണ്‌. വ്യൂ പോയന്റുകള്‍ എന്നറിയപ്പെടുന്ന പര്‍വതവക്കുകളെല്ലാം, താഴെത്തെ സമതലങ്ങളെ ഉയരത്തില്‍നിന്ന്‌ നോക്കാനുള്ള സ്ഥലങ്ങളാണ്‌. ചിറ്റൂരും പൊള്ളാച്ചിയും നെന്‍മാറയും പറമ്പിക്കുളം വനങ്ങളുമെല്ലാം, പര്‍വതശിഖരങ്ങള്‍ക്ക്‌ ചുറ്റും താഴെയായി നോക്കാന്‍ പാകത്തിലുണ്ട്‌.

1200 കിലോമീറ്റര്‍ നീളുന്നതാണ്‌ പശ്ചിമഘട്ടം. വടക്ക്‌ താപ്‌തി നദീതടം മുതല്‍ തെക്ക്‌ കന്യാകുമാരി വരെ അതങ്ങനെ അലസശയനം നടത്തുന്നു. പക്ഷേ, പാലക്കാട്ട്‌ വാളയാര്‍ എത്തുമ്പോഴേക്കും എന്തോ അത്ഭുതത്താല്‍ പശ്ചിമഘട്ടം അപ്രത്യക്ഷമായിരിക്കുന്നു. പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. പിന്നെയുള്ളത്‌ സമുദ്രനിരപ്പില്‍നിന്ന്‌ വെറും നൂറുമീറ്റര്‍ മാത്രം ഉയരത്തിലുള്ള പാലക്കാടന്‍ സമതലം മാത്രം. വാളയാര്‍ നിന്ന്‌ 36 കിലോമീറ്റര്‍ തെക്കെത്തണം, പശ്ചിമഘട്ടത്തെ പിന്നെ കാണാന്‍. അത്യപൂര്‍വമായ ഒരു ഭൗമപ്രതിഭാസം. പശ്ചിമഘട്ടം അപ്രത്യക്ഷമായിരിക്കുന്ന ഈ 36 കിലോമീറ്റര്‍ വരുന്ന സമതലത്തെയാണ്‌ പാലക്കാടന്‍ചുരം എന്ന്‌ വിളിക്കുന്നത്‌.

ചുരത്തിന്റെ തെക്കന്‍ അറ്റത്താണ്‌ നെല്ലിയാമ്പതി മലനിരകള്‍. പാലക്കാട്‌ പട്ടണത്തില്‍ നിന്ന്‌ വെറും മൂന്നര മണിക്കൂര്‍ യാത്രകൊണ്ട്‌, തണുപ്പിന്റെയും മഞ്ഞിന്റെയും അത്യപൂര്‍വമായ ജൈവസമ്പത്തിന്റെയും ആ മലമുകളിലെത്താം, കഴിയുന്നിടത്തെല്ലാം ചെന്ന്‌ താഴേക്ക്‌ നോക്കാം. നാരാണത്ത്‌ ഭ്രാന്തന്‍മാരായി സ്വയം സന്തോഷിക്കാം. മലമുകളിലേക്ക്‌ ഉരുട്ടിക്കയറ്റിയ കല്ല്‌ താഴേക്ക്‌ പോകുന്നത്‌ കാണുമ്പോഴത്തെ നിഷ്‌ക്കളങ്ക ആഹ്ലാദത്തില്‍ ഇടയ്‌ക്കെങ്കിലും അകപ്പെടാന്‍ ആഗ്രഹിക്കാത്ത ആരാണ്‌ ഉള്ളത്‌.





-ഇതൊടൊപ്പമുള്ള ചിത്രങ്ങളില്‍ ആദ്യത്തേത്‌ ഗൂഗിള്‍ എര്‍ത്തില്‍ നിന്നുള്ളതാണ്‌. പാലക്കാടന്‍ചുരത്തിന്റെ ഒരു ആകാശദൃശ്യം ഇതില്‍ കാണാം. തെക്കേയറ്റത്ത്‌ കാണുന്ന മലനിരകളാണ്‌ നെല്ലിയാമ്പതി. ഫോട്ടോകളില്‍ മലയണ്ണാന്റേത്‌ ഒഴികെ ബാക്കിയെല്ലാം, മഞ്ഞുമൂടിയ സീതാര്‍കുണ്ടില്‍ നിന്നുള്ളത്‌.

Monday, October 6, 2008

മഞ്ഞിന്‍ കൂടാരം

പുലരി, മഞ്ഞിന്റെ സാമ്രാജ്യം.
സൂര്യനെ അത്‌ മയപ്പെടുത്തുന്നു.
ഗൃഹാതുരത്വത്തിന്റെ തീക്കനലുകള്‍
തണുപ്പകറ്റുന്ന വേള.
വായു, മണ്ണ്‌, മഞ്ഞ്‌...എല്ലാറ്റിനും മീതെ നിശബ്ദത തളംകെട്ടുന്നു.
ആകാശം വരെ പടര്‍ന്നു പടരുന്ന ശാന്തത.



.....തേക്കടിയില്‍ വനശ്രീ ഓഡിറ്റോറിയത്തിന്‌ പരിസരത്തു നിന്ന്‌ പകര്‍ത്തിയ രണ്ട്‌ ദൃശ്യങ്ങള്‍.

Tuesday, November 13, 2007

പതനം

ഓട്ടത്തിനിടയില്‍ പിടിവിട്ട്‌ കാബേജ്‌ തോട്ടത്തില്‍ വീണ ജീപ്പ്‌, റോഡിലെത്തിക്കാനുള്ള ശ്രമം. ഇടുക്കി ജില്ലയിലെ വട്ടവടയില്‍ നിന്ന്‌.

വള്ളത്തിന്റെ ആത്മഹത്യ പോലെ. തിരുവനന്തപുരം ജില്ലയില്‍ അമ്പൂരി ഗ്രാമത്തില്‍ നിന്നുള്ള ദൃശ്യം.