Tuesday, June 19, 2007

വോട്ടുതേടുന്ന താജ്‌മഹല്‍


2005 ജനവരിയില്‍ പകര്‍ത്തിയത്‌
ന്യൂഡല്‍ഹിയില്‍നിന്ന്‌ ആഗ്രയിലേക്കുള്ള യാത്രയ്‌ക്കിടെയാണ്‌ ശിവാനിയെ പരിചയപ്പെടുന്നത്‌. നൈനിറ്റാള്‍ സ്വദേശിയായ ആ പെണ്‍കുട്ടി അവളുടെ ചേച്ചിയുടെ കുടുംബത്തിനൊപ്പം സ്ഥലം കാണാനെത്തിയതാണ്‌. കൊടുംതണുപ്പുള്ള ആ ജനവരി ദിനത്തില്‍ എത്രയോ വിരസമാകേണ്ടിയിരുന്ന എന്റെ യാത്ര, ശിവാനിയുടെ നാണം പൂണ്ടുള്ള സംസാരത്താലും സംശയങ്ങളാലും സജീവമായി. താജ്‌മഹലിന്റെ മുഖ്യകവാടത്തിലെത്തി ഞങ്ങള്‍ വഴിപിരിഞ്ഞു.
താജിന്റെ സാന്നിധ്യം തീര്‍ക്കുന്ന ഏകാന്തതയും, അജ്ഞാതമായ എന്തൊക്കെയോ സന്ദേശങ്ങള്‍ ചൂഴ്‌ന്നുനില്‍ക്കുന്ന ആ അന്തരീക്ഷത്തിന്റെ ദുരൂഹതയും നുകര്‍ന്ന്‌ ഞാന്‍ ചുറ്റിനടന്നു. യമുന, മുംതാസ്‌മഹല്‍, വെണ്ണക്കല്ലിന്റെ നിശബ്ദത..ഏതാണ്‌ ഏറെ ആകര്‍ഷകമെന്ന്‌ തിട്ടപ്പെടുത്താനാകാത്ത ഒരുതരം മത്തുപിടിച്ച അവസ്ഥ. താജിനെ ഒന്നുകൂടി വലംവെച്ച്‌ പോരാന്‍ നേരം, അതിന്റെ ചുവട്ടില്‍വെച്ച്‌ ശിവാനിയെ വീണ്ടും കണ്ടു. അവളുടെ ചേച്ചിയും കുട്ടികളും താജിന്റെ ചുമരിലെ ചിത്രങ്ങളെക്കുറിച്ച്‌ അകലെ തര്‍ക്കിച്ചുനില്‍ക്കുകയായിരുന്നു.
"ഈ സ്‌മാരകം കണ്ടിട്ട്‌ എന്തു തോന്നുന്നു. പറഞ്ഞുകേട്ട താജ്‌ തന്നെയോ ഇത്‌"-ഞാന്‍ ശിവാനിയോടു ചോദിച്ചു.
ചോദിച്ചതെന്താണെന്ന്‌ മനസിലായില്ല എന്നു തോന്നിക്കുന്ന ഒരു ഭാവം അവളുടെ മുഖത്ത്‌ അല്‍പ്പനേരം മിന്നിമറഞ്ഞു. എന്നിട്ട്‌ താജിനെ നോക്കിക്കൊണ്ട്‌ പതിഞ്ഞ ശബ്ദത്തില്‍ അവള്‍ പറഞ്ഞു: "എനിക്ക്‌ രണ്ടുകണ്ണുകള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍"! താരുണ്യം മുറ്റിനില്‍ക്കുന്ന ആ മുഖത്തേക്ക്‌ രക്തം ഇരച്ചെത്തി. എന്തോ കാരണത്താല്‍ അവള്‍ പെട്ടന്നു ലജ്ജാലുവായി.
താജിന്‌ ചുവട്ടിലെത്തിയതു മുതല്‍ ഞാന്‍ സ്വയംപറഞ്ഞിരുന്ന വാക്കുകളാണ്‌ മറ്റൊരു രീതിയില്‍ ശിവാനിയുടെ നാവില്‍നിന്ന്‌ പുറത്തു വന്നത്‌. അവിടെ എത്തിയതു മുതല്‍ ഞാന്‍ ശ്രദ്ധിക്കുകയായിരുന്നു, താജിന്റെ ഭാവമാറ്റങ്ങള്‍. മുഖ്യകവാടത്തില്‍ വന്ന സമയത്തെ താജല്ല ഇപ്പോഴുള്ളത്‌. എന്തോ സംഭവിച്ചിരിക്കുന്നു. ഇതിനിടെ പലതവണ താജിന്റെ തിളക്കവും ഭാവവും മാറിക്കഴിഞ്ഞു..
രണ്ടരവര്‍ഷം കഴിഞ്ഞു. തിങ്കളാഴ്‌ച (ജൂണ്‍18, 2007) കാലിക്കറ്റ്‌ പ്രസ്സ്‌ക്ലബ്ബില്‍ വെച്ച്‌ വീണ്ടും താജ്‌ മഹലിന്‌ മുന്നിലേക്ക്‌ ഞാന്‍ അനായാസം ആനയിക്കപ്പെട്ടു. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ്‌ ഇന്ത്യ (ASI)യിലെ സൂപ്രണ്ടിങ്‌ ഡയറക്ടറായ കെ.കെ.മുഹമ്മദ്‌ താജിനെക്കുറിച്ച്‌ നടത്തിയ പ്രഭാഷണം വീണ്ടും എന്നെ താജിനു മുന്നിലെത്തിക്കുകയായിരുന്നു. കുറെക്കാലം താജിന്റെ ചുമതല വഹിച്ചിരുന്ന കൊടുവള്ളി സ്വദേശിയായ അദ്ദേഹം, സപ്‌താത്ഭുതങ്ങളില്‍ താജിനെ ഉള്‍പ്പെടുത്താനായി വോട്ടുചെയ്യാന്‍ അഭ്യര്‍ത്ഥിക്കാന്‍ എത്തിയതാണ്‌. മധ്യപ്രദേശിലെ പുരാതന സ്‌മാരകങ്ങളുടെ ചുമതലയാണ്‌ ഇപ്പോള്‍ അദ്ദേഹത്തിന്‌.
കെ.കെ. മുഹമ്മദ്‌ (ഫോട്ടോ കടപ്പാട്‌: യാസിദ്‌ പി)
"ലോകത്തേറ്റവുമധികം ഫോട്ടോ എടുക്കപ്പെട്ട സ്‌മാരകമാണ്‌ താജ്‌മഹല്‍, പക്ഷേ ഒറ്റ ഫോട്ടോക്കു പോലും താജിന്റെ യഥാര്‍ത്ഥ സൗന്ദര്യം പകര്‍ത്താന്‍ കഴിഞ്ഞിട്ടില്ല"-മുഹമ്മദ്‌ പറഞ്ഞു. എത്രയോ സത്യം. വിവര്‍ത്തനത്തില്‍ നഷ്ടമാകുന്നതെന്തോ അതാണ്‌ കവിതയെന്ന്‌ പറയാറില്ലേ, അതുപോല ഫോട്ടോയില്‍ നഷ്ടമാവുന്നതെന്തോ അതാണ്‌ താജിന്റെ സൗന്ദര്യം, ഞാന്‍ മനസിലോര്‍ത്തു.
താജിനെ ആരും വെറുതെ പോയി കണ്ട്‌ ആസ്വദിക്കാന്‍ നോക്കരുതെന്നാണ്‌ പ്രഗത്ഭനായ ആ ആര്‍ക്കിയോളജിസ്‌റ്റിന്റെ ഉപദേശം. താജ്‌ കാണുമ്പോള്‍ ഒരു ഗൈഡ്‌ തീര്‍ച്ചയായും കൂടെ വേണം-പാക്‌ പ്രസിഡന്‍്‌ പര്‍വെസ്‌ മുഷറഫ്‌ ആഗ്രയിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ഗൈഡായിരുന്നു മുഹമ്മദ്‌.
താജിന്റെ കോംപൗണ്ടിനുള്ളിലെ ഓരോ ചുവടുവെപ്പിലും സന്ദര്‍ശകനെ സൗന്ദര്യത്തിന്റെയും അപ്രതീക്ഷിതമായ അനുഭവങ്ങളുടെയും മുഹൂര്‍ത്തങ്ങള്‍ കാത്തിരിക്കുന്നതെങ്ങനെയാണെന്ന്‌ അദ്ദേഹം അങ്ങേയറ്റം ലളിതമായി വിവരിക്കുമ്പോള്‍, ഞാന്‍ ഒന്നുകൂടി താജ്‌ സന്ദര്‍ശിക്കുകയായിരുന്നു.
'ഓപ്‌ടിക്കല്‍ ഇല്യൂഷന്റെ' (optical illusion) ഒരു മാസ്‌മരലോകമാണ്‌ താജ്‌ തുറന്നു വെക്കുന്നത്‌. പ്രധാന കവാടം കടന്നു താഴെ പൂന്തോട്ടത്തിന്റെ തുടക്കത്തില്‍, താജിനെ നോക്കി മെല്ല നടന്നാല്‍ അത്‌ നമ്മളില്‍നിന്ന്‌ അകന്നുപോകുകയല്ലേ എന്നു സംശയമുണരും. തിരിയാതെ പിന്നിലേക്ക്‌ മെല്ലെ ചുവടുവെച്ചാല്‍ താജ്‌ അടുത്തേക്കു വരുന്നത്‌ അനുഭവിക്കാം-മുഹമ്മദ്‌ പറയുന്നു. താജിനടുത്തെത്തുമ്പോള്‍ അത്‌ വളര്‍ന്ന്‌ വലുതായ അനുഭവം. ശിവാനി പറഞ്ഞ വാക്കുകള്‍ എന്റെ മനസിലെത്തി. രണ്ടുകണ്ണു പോരാ താജിനെക്കാണാന്‍. കണ്ണു മാത്രമല്ല, മനസ്സും നിറയ്‌ക്കുകയാണ്‌ താജ്‌. ഏത്‌ ഫോട്ടോയില്‍ ഇതൊക്കെ പകര്‍ത്താനാകും.
താജ്‌ നില്‍ക്കുന്നത്‌ യമുനയുടെ തീരത്താണ്‌. സന്ദര്‍ശകനെ സംബന്ധിച്ചിടത്തോളം താജിനപ്പുറം ആകാശമാണ്‌. നീലാകാശത്തിന്റെ പശ്ചാത്തലത്തില്‍ വെണ്ണക്കല്ലിന്റെ ആത്മാവ്‌. ആകാശത്തിലെ ഓരോ വ്യത്യാസവും താജില്‍ പ്രതിഫലിക്കും. അതുകൊണ്ടാണ്‌ പുലര്‍ച്ചെ കാണുന്ന താജിനെ നേരം വെളുത്തു കഴിഞ്ഞാല്‍ കാണാത്തത്‌. ഉച്ചയ്‌ക്കുള്ള താജല്ല, നാലുമണിക്ക്‌. അന്തിവെയില്‍ വെണ്ണക്കല്ലുകള്‍ ഉരുകുന്നതിന്റെ മാസ്‌മരികത. സന്ധ്യയ്‌ക്കുള്ള താജ്‌ രാത്രിയിലുണ്ടാവില്ല..നിലാവത്ത്‌ വേറൊരു താജ്‌.
മുഹമ്മദ്‌ ഇത്‌ വിശദീകരിക്കുമ്പോള്‍, ഞാനോര്‍ത്തു: ഒരു നദിയില്‍ രണ്ടുതവണ ആരും കാല്‍കുത്തുന്നില്ലെന്നു പറഞ്ഞത്‌ ഹെരാക്ലീറ്റസ്‌ ആണ്‌. അത്‌ താജിന്റെ കാര്യത്തിലും സത്യമല്ലേ? ഓരേ താജിനെ ആരും രണ്ടുതവണ കാണുന്നില്ല!
സപ്‌താത്ഭുതങ്ങള്‍ തിരഞ്ഞെടുക്കാനുള്ള പട്ടികയില്‍ ഇപ്പോള്‍ പത്താംസ്ഥാനത്താണ്‌ താജ്‌-മുഹമ്മദ്‌ പറഞ്ഞു. അതുപോര. ഏഴാംസ്ഥാനത്ത്‌ എത്തിയാലും മതിയാകില്ല. അതിന്റെ അമൂല്യത, സൗന്ദര്യം, അത്ഭുതകരമായ നിലനില്‍പ്പ്‌ ഒക്കെ പരിഗണിക്കുമ്പോള്‍ പിരമിഡിനും വന്‍മതിലിനും ശേഷം ലോകാത്ഭുതങ്ങളില്‍ താജ്‌മഹലിന്‌ സ്ഥാനം ലഭിക്കണം-അദ്ദേഹം പറയുമ്പോള്‍, ആര്‍ക്കും അതൊരു അമിത അവകാശവാദമാണെന്നു തോന്നിയില്ല.
(താജ്‌മഹലിന്‌ വോട്ടുചെയ്യാന്‍ താത്‌പര്യമുള്ളവര്‍ ഇവിടം സന്ദര്‍ശിക്കുക).

12 comments:

Joseph Antony said...

ഒരു നദിയില്‍ രണ്ടുതവണ ആരും കാല്‍കുത്തുന്നില്ലെന്നു പറഞ്ഞതു പോലെയാണ്‌ താജിന്റെ കാര്യവും. ഒരേ താജ്‌മഹലിനെ ആരും രണ്ടുതവണ കാണുന്നില്ല. സപ്‌താത്ഭുത പട്ടിക നിശ്ചയിക്കാന്‍ ലോകമെങ്ങും വോട്ടെടുപ്പ്‌ നടക്കുന്ന വേളയില്‍ താജിനെക്കുറിച്ചൊരു അനുസ്‌മരണം, 'നല്ലഭൂമി'യില്‍.

oru blogger said...

സ്നേഹത്തിന്റെ പ്രതീകമായ താജ്, പക്ഷെ പണികഴിഞ്ഞപ്പോള്‍ പണികാരോട് സ്നേഹമില്ലായിരുന്നു എന്നെവിടെയോ വായിച്ചിട്ടുണ്ട്. ശരിയാണോ എന്നറിയില്ല.

Kaithamullu said...

തമ്പിയളിയോ,
ഓടോ:
ദേ, ഇവിടെ ദുഫായില്‍ ബുര്‍ജ് ദുബായ് 140 നില വരെ ഉയര്‍ന്നിരിക്കുന്നു. ജോലി ചെയ്യുന്ന തൊഴിലാളികളോട് അവര്‍ക്കൊക്കെ എന്ത് സ്നേഹാണെന്നോ? ഒന്ന് പോയി കാണ്‌ന്നെ വേണം.

Joseph Antony said...

തമ്പിയളിയന്‍,
താജ്‌മഹലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട്‌ നിലനില്‍ക്കുന്ന ഒട്ടേറെ കെട്ടുകഥകളില്‍ ഒന്നാണ്‌, അതുപോലെ വേറൊന്ന്‌ നിര്‍മിക്കാതിരിക്കാന്‍ വേണ്ടി താജ്‌മഹലിന്റെ ശില്‌പിയുടെ കൈ ഷാജഹാന്‍ ചക്രവര്‍ത്തി വെട്ടിക്കളഞ്ഞു എന്നതത്രേ. അതുപോലെ തന്നെ, ആ ശില്‌പി താജിന്‌ മുകളില്‍ ഒരു സുക്ഷിരമിട്ടിട്ടുണ്ടെന്നും വര്‍ഷത്തിലൊരിക്കല്‍ മുംതാസ്‌ മഹളിന്‌ മേല്‍ കണ്ണീര്‍ക്കണം പോലെ ഒരു തുള്ളി മഴവെള്ളം വീഴുമെന്നതും മറ്റൊരു കഥ. ഇവയോന്നും സത്യമല്ലെന്ന്‌, താജിന്റെ ചുമതല വഹിച്ചിരുന്ന പ്രശസ്‌ത ആര്‍ക്കിയോളജിസ്‌റ്റ്‌ കെ.കെ.മുഹമ്മദ്‌ പറയുന്നു.

താജിന്റെ ശില്‌പി ആരായിരുന്നു എന്നതിനെക്കുറിച്ചു തന്നെ തര്‍ക്കമുണ്ടായിരുന്നു. ഒടുവില്‍ ചരിത്രപണ്ഡിതര്‍ എത്തിയിട്ടുള്ളത,്‌ ലാഹോര്‍ സ്വദേശിയായിരുന്ന ഉസ്‌താദ്‌ അഹമ്മദ്‌ ലാഹോറിയാണ്‌ ഈ സുന്ദരസ്‌മാരകം നിര്‍മിച്ചതെന്ന നിഗമനത്തിലാണ്‌. ഇതിന്‌ തെളിവാകുന്ന ചരിത്രരേഖകളും ലഭിച്ചിട്ടുണ്ടത്രേ.
-ജോസഫ്‌ ആന്റണി

ആഷ | Asha said...

താജ് കാണാന്‍ ഇതുവരെ ഭാഗ്യമുണ്ടായിട്ടില്ല. എന്നെങ്കിലും പോവുകയാണെങ്കില്‍ മുഹമ്മദ് പറഞ്ഞ പോലെ ഒന്നു നടന്നു നോക്കണം.

chithrakaran ചിത്രകാരന്‍ said...

നല്ല പോസ്റ്റ്‌. തീര്‍ച്ചയായും നമുക്ക്‌ റ്റാജിനുവേണ്ടി വോട്ടു ചെയ്യാം.
http://www.new7wonders.com

ഷാനവാസ്‌ ഇലിപ്പക്കുളം said...

നല്ല ലേഖനവും, കമന്റുകളും. താജിന്‌ എന്റെ വക ഒരു വോട്ട്.

ഷാനവാസ്‌ ഇലിപ്പക്കുളം said...
This comment has been removed by a blog administrator.
ഷാനവാസ്‌ ഇലിപ്പക്കുളം said...
This comment has been removed by a blog administrator.
myexperimentsandme said...

താജ്‌മഹല്‍ ആദ്യമായി കണ്ട നിമിഷം ഇപ്പോഴും ഓര്‍ക്കുന്നു. ഉള്ളത് പറഞ്ഞാല്‍ വാ പൊളിച്ച് നിന്നുപോയി. മുന്നിലുള്ള ആ പൂന്തോട്ടത്തിനും ഇപ്പുറത്ത് നിന്ന് കാണുന്ന കാഴ്ചയാണ് അതിമനോഹരം. ഞങ്ങള്‍ കണ്ടത് ഒരു ദിവസം ഉച്ച തിരിഞ്ഞായിരുന്നു. എങ്ങിനെ ആ ഫീലിംഗ്‌സിനെ വിവരിക്കണമെന്നറിയില്ല. അത്രയ്ക്കും മനോഹരം.

മുസാഫിര്‍ said...

താജ് മഹാളിന്റെ മുഖ്യകവാടത്തില്‍ നിന്നും ഉള്ളിലേക്കു നോക്കിയപ്പോള്‍ ‘ഇത്രയേയുള്ളു’ എന്ന തോന്നലാണു ആദ്യം ഉണ്ടായത്.പിന്നെ അടുത്തടുത്ത് ചെന്നപ്പോഴാണു അതിന്റെ വശ്യമായ മാന്ത്രികത ബോദ്ധ്യമായത്.ജനലിലെ കൊത്തുപണികളും അകത്തെ അറകളിലെ തണുപ്പും ഉള്ളീലെ മേലാപ്പും (പുറമെ നിന്നു കാണുന്ന താഴികക്കുടമല്ല ഉള്ളീല്‍ കാണുന്നതത്രെ,വേറെ ഒരു തട്ടാണ്)കൊത്തുപണികളിലെ പൂക്കളില്‍ നിന്നും വിലപിടിപ്പുള്ള കല്ലുകള്‍ തുരന്നെടുത്ത കുഴിയും എല്ലാം ഒരു പ്രത്യേകം അനുഭവം തന്നെ സമ്മാനിച്ചു.ഓര്‍മ്മിപ്പിച്ചതിനു നന്ദി ജെ എ.

തകര്‍പ്പന്‍ said...

താജ് കാണാന്‍ പോയ ആ തണുത്ത വെളുപ്പാന്‍കാലം ഇപ്പോഴും മനസ്സിലുണ്ട്. താജ് ഒരു സംഭവം തന്നെയാണ്. ചിത്രംകാണുമ്പോള്‍ താജിന്റെ വലിപ്പത്തെ സംബന്ധിച്ച ധാരണ നമുക്കുണ്ടാകില്ല. അതിന്റെ മിനാരങ്ങള്‍ക്കുചുവട്ടില്‍ നിന്നുനോക്കുമ്പോള്‍ കാണുന്ന താജ് മറ്റൊന്നാണ്. അത്ഭുതകരമായ നിര്‍മ്മിതി. ഇതില്‍ ധാരാളമായി ഉണ്ടായിരുന്ന രത്നങ്ങളും മറ്റുവിലപിടിച്ച കല്ലുകളും പണ്ടേ നാടുകടത്തിക്കഴിഞ്ഞു കേട്ടു. ഇതേ താജാണ് മാര്‍ബിളിന്റെ വിലയ്ക്ക് വില്ക്കാന്‍ പ്ലാനിട്ടിരുന്നത് എന്നും കേട്ടു.

എന്തായാലും പ്രതികൂലസാഹചര്യങ്ങളെയെല്ലാം അതിജീവിച്ച് ഇപ്പോഴും ലോകാത്ഭുതങ്ങളിലൊന്നായി താജ് തുടരുന്നു. ഇന്ത്യക്കാരനായതില്‍ നമ്മള്‍ക്കൊക്കെ അഭിമാനം തോന്നിയില്ലെങ്കിലേയുള്ളു.

പോസ്‌റ്റ് നന്നായി. നന്ദി.