Thursday, June 14, 2007

തടാകം തന്ന ചിത്രങ്ങള്‍-1

ന്ത്രണ്ടുവര്‍ഷം മുമ്പാണ്‌. സഹപാഠിയായിരുന്ന കണ്ണൂര്‍ സ്വദേശി കെ.ജെ.ജേക്കബ്‌ എന്റെയൊപ്പം അമ്പൂരിയില്‍ വന്നു, വെറുതെ നാടുകാണാന്‍. കുറഞ്ഞ തോതിലൊരു തോണിയാത്രയും അവനുവേണ്ടി സംഘടിപ്പിച്ചു. തിരികെ തിരുവനന്തപുരത്തിനുള്ള ബസ്സിലിരിക്കുമ്പോള്‍ അവന്‍ സ്വയമെന്നപോലെ പറഞ്ഞു: ''അതവിടെ ഉണ്ടാകാതിരിക്കാന്‍ തരമില്ല''.

"ഏതിന്റെ കാര്യമാണ്‌ താന്‍ പറയുന്നത്‌"-ഞാന്‍ ചോദിച്ചു.

"ആ തടാകത്തിന്റെ, അതവിടെ ഉണ്ടാകാതിരിക്കാന്‍ ഒരു വഴിയും ഞാന്‍ കാണുന്നില്ല"- ജേക്കബ്ബ്‌ എന്തോ ഓര്‍ത്തുകൊണ്ടെന്ന പോലെ മറുപടി നല്‍കി.

ആ വാക്കുകളുടെ അര്‍ത്ഥം അന്നെനിക്കു പൂര്‍ണമായി മനസിലായില്ല. വര്‍ഷങ്ങള്‍ക്കു ശേഷം, വല്ലപ്പോഴും സന്ദര്‍ശിക്കാനും, എന്നാല്‍ മനസില്‍ മുഴുവന്‍ സമയവും അവശേഷിപ്പിക്കാനുമുള്ള ഒരു സ്ഥലമായി ആ തടാകവും തീരവും മാറി.

അങ്ങോട്ടുള്ള ഇന്നത്തെ ഓരോ യാത്രയിലും എന്റെ പ്രിയസുഹൃത്ത്‌ അന്നു പറഞ്ഞ വാക്കുകള്‍ മനസിലേക്ക്‌ എത്താറുണ്ട്‌-'ഈ തടാകമിവിടെ ഉണ്ടാകാതിരിക്കാന്‍ തരമില്ല', ഒപ്പം ഞാന്‍ സ്വയം മനസില്‍ കൂട്ടിച്ചേര്‍ക്കും, ഈ മലകളും പാറക്കൂട്ടങ്ങളും കാറ്റും തടാകത്തിന്‌ മീതെ ലോകത്തെ മായ്‌ച്ചെത്തുന്ന മഴയും, ഒന്നും....അതെല്ലാം ഇവിടെ ഉണ്ടായേ കഴിയൂ, ഇവിടെ ഇല്ലാത്തത്‌ ഞാന്‍ മാത്രം.

ആ ഇല്ലായ്‌മയുടെ സാക്ഷ്യമാണ്‌, ഓരോ യാത്രയിലും തടാകത്തിന്റെ ദൃശ്യങ്ങളായി എന്റെയൊപ്പം കോഴിക്കോട്ടേയ്‌ക്ക്‌ പോരുന്നത്‌. അതില്‍ക്കൂടുതല്‍ ഈ ചിത്രങ്ങള്‍ക്ക്‌ എന്തെങ്കിലും അര്‍ത്ഥം കല്‍പ്പിക്കാന്‍ കഴിയുന്നില്ല...തടാകം തന്ന ചിത്രങ്ങള്‍ എന്നു മാത്രമേ അവയെ വിശേഷിപ്പിക്കാനാവൂ..

11 comments:

JA said...

'നല്ലഭൂമി'യില്‍ രണ്ടാമത്തെ ഫോട്ടോ പോസ്‌റ്റ്‌..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ഏത് തടാകം ? എവിടത്തെ തടാകം എന്നൊക്കെ തെളിച്ചു പറയ്യോ?
ആസൈഡിലെ ഇലക്ട്രിക്പോസ്റ്റിലെ കമ്പി ഇല്ലാരുന്നേല്‍..

JA said...

ചാത്താ, കുട്ടീ,
ഇത്‌ തിരുവനന്തപുരം ജില്ലയില്‍ അമ്പൂരി എന്ന സ്ഥലത്തെ ഒരു രഹസ്യകോണില്‍നിന്നുള്ള ദൃശ്യമാണ്‌. നെയ്യാര്‍ഡാം തടാകമാണിത്‌.

Manu said...

ജോസഫ് മാഷേ... പടങ്ങള്‍ തകര്‍ക്കുന്നുണ്ട്. അഭിനന്ദനങ്ങള്‍ല്ല പറയാനിഷ്ടം നന്ദിയാണ്. ഒരു മദ്യവിമോചനകാമ്പെയ്ന്‍ ഉള്‍പടെ ഒരുപാടുകാര്യങ്ങള്‍ക്ക് ഞാന്‍ അവിടെ വന്നിട്ടുണ്ട്. ഒരു എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ്. ഓര്‍മകള്‍ക്കെന്ത് സുഗന്ധം..

(ശ്ശൊ...സത്യമായിട്ടും ചാരായത്തിന്റെ കാര്യമല്ല ഉദ്ദേശിച്ചത്.. കാട്ടുചെടീം പൂവും.....)

ഡാം ഏറിയയില്‍ നിന്ന് സൂര്യോദയ സമയത്തെടുത്ത ചിത്രങ്ങള്‍... കിഴക്ക് മലകള്‍ കൂടെ കാണാവുന്ന രീതിയുലുള്ളത്.. പ്രതീക്ഷിക്കാമല്ലോ....

ജീവിതത്തില്‍ സൂര്യോദയം ഇതിലേറെ ആസ്വദിക്കാവുന്ന സ്ഥലങ്ങള്‍ അധികം കണ്ടിട്ടില്ല.

Siju | സിജു said...

ഇവിടെയല്ലേ മറ്റേ കാന്‍ വെള്ളത്തിലിട്ടിട്ടുള്ളത്.. :-)

JA said...

മനുവിന്‌ അഭിവാദ്യങ്ങള്‍,
അമ്പൂരി നേരിട്ടുകണ്ട ഒരാളെ ബ്ലോഗ്‌ലോകത്തുവെച്ച്‌ കാണുന്നതിലുള്ള ആഹ്ലാദവും ആനന്ദവും ഇവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ...

സിജു,
സുഹൃത്തേ..ഹ,ഹ,ഹ,
അതെ, സംഭവം സത്യമാണ്‌. ആ കാനും മുക്കിയിടുന്നത്‌ ഇവിടെത്തന്നെ...എന്റെ ഉദാത്ത സാഹിത്യം പൊളിഞ്ഞു അല്ലേ, കൈയോടെ പിടികൂടി..
പടത്തിലെവിടെയെങ്കിലും കുമിള പൊങ്ങുന്നത്‌ കണ്ട്‌ അതുംകൂടി ആരെങ്കിലും ചോദിച്ചാല്‍, കഴിഞ്ഞു
പിന്നെ ഒരു ഫോട്ടോബ്ലോഗുകൊണ്ടും രക്ഷപ്പെടാനാവില്ല
-ജോസഫ്‌

:: niKk | നിക്ക് :: said...

യേതു കാന്‍ ?

യാത്രാമൊഴി said...

വളരെ മനോഹരമായ ചിത്രം!
ഞാനും കുമിളകള്‍ നോക്കിയിരുന്നു.

അപ്പൂസ് said...

നല്ല ചിത്രം!
അപ്പൊ ആ കാനിന്റെ കാര്യമാണോ, അതവിടെ ഉണ്ടാകാതിരിക്കാന്‍ തരമില്ല ന്നു പറഞ്ഞത്? :)

പടിപ്പുര said...

അതവിടെ ഉണ്ടാവും. ഉണ്ടായിരിക്കണം :)

JA said...

സിജുവും യാത്രാമൊഴിയും അപ്പൂസും പടിപ്പുരയും ഒക്കെ ചേര്‍ന്ന്‌ പാവപ്പെട്ട 'നിക്കി'നെ വെള്ളത്തില്‍ മുക്കിയിട്ട ആ കാനിന്റെ കാര്യം പറഞ്ഞ്‌, ജിജ്ഞാസ മൂപ്പിച്ച്‌ എന്തെങ്കിലുമാക്കുമെന്നാണ്‌ എന്റെ പേടി. കാനിനെക്കുറിച്ച്‌ സംശയം ഉള്ളവരെല്ലാം 'കുറിഞ്ഞി ഓണ്‍ലൈനി'ല്‍ വന്ന ഈ പോസ്‌റ്റ്‌ നോക്കുക. എല്ലാ സംശയവും തീരുമെന്ന്‌ ഗാരണ്ടി തരുന്നു
-ജോസഫ്‌