
1200 കിലോമീറ്റര്‍ നീളുന്നതാണ് പശ്ചിമഘട്ടം. വടക്ക് താപ്തി നദീതടം മുതല്‍ തെക്ക് കന്യാകുമാരി വരെ അതങ്ങനെ അലസശയനം നടത്തുന്നു. പക്ഷേ, പാലക്കാട്ട് വാളയാര്‍ എത്തുമ്പോഴേക്കും എന്തോ അത്ഭുതത്താല് പശ്ചിമഘട്ടം അപ്രത്യക്ഷമായിരിക്കുന്നു. പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. പിന്നെയുള്ളത് സമുദ്രനിരപ്പില്‍നിന്ന് വെറും നൂറുമീറ്റര്‍ മാത്രം ഉയരത്തിലുള്ള പാലക്കാടന്‍ സമതലം മാത്രം. വാളയാര്‍ നിന്ന് 36 കിലോമീറ്റര്‍ തെക്കെത്തണം, പശ്ചിമഘട്ടത്തെ പിന്നെ കാണാന്‍. അത്യപൂര്‍വമായ ഒരു ഭൗമപ്രതിഭാസം. പശ്ചിമഘട്ടം അപ്രത്യക്ഷമായിരിക്കുന്ന ഈ 36 കിലോമീറ്റര്‍ വരുന്ന സമതലത്തെയാണ് പാലക്കാടന്‍ചുരം എന്ന് വിളിക്കുന്നത്.
ചുരത്തിന്റെ തെക്കന്‍ അറ്റത്താണ് നെല്ലിയാമ്പതി മലനിരകള്‍. പാലക്കാട് പട്ടണത്തില്‍ നിന്ന് വെറും മൂന്നര മണിക്കൂര്‍ യാത്രകൊണ്ട്, തണുപ്പിന്റെയും മഞ്ഞിന്റെയും അത്യപൂര്‍വമായ ജൈവസമ്പത്തിന്റെയും ആ മലമുകളിലെത്താം, കഴിയുന്നിടത്തെല്ലാം ചെന്ന് താഴേക്ക് നോക്കാം. നാരാണത്ത് ഭ്രാന്തന്മാരായി സ്വയം സന്തോഷിക്കാം. മലമുകളിലേക്ക് ഉരുട്ടിക്കയറ്റിയ കല്ല് താഴേക്ക് പോകുന്നത് കാണുമ്പോഴത്തെ നിഷ്ക്കളങ്ക ആഹ്ലാദത്തില്‍ ഇടയ്ക്കെങ്കിലും അകപ്പെടാന്‍ ആഗ്രഹിക്കാത്ത ആരാണ് ഉള്ളത്.