Saturday, April 26, 2008

ഊട്ടിയില്‍ ഒരു വിഷുദിനത്തില്‍

ഏപ്രിലില്‍ രണ്ടു മുഖങ്ങളുണ്ട്‌ ഊട്ടിക്ക്‌-ചുട്ടുപൊള്ളുന്ന വെയില്‍ നിറഞ്ഞ പകലിന്റേയും, തണുപ്പിന്റെ അവിശ്വസനീയതയിലേക്ക്‌ സന്ദര്‍ശകരെ അകപ്പെടുത്തുന്ന രാത്രിയുടേയും. ഇതുരണ്ടുമൊഴിവാക്കിയാല്‍, കച്ചവടത്തിന്റെയും കെട്ടുകാഴ്‌ചകളുടെയും മറ്റൊരു താവളം മാത്രമാണ്‌ ഊട്ടിയെന്ന്‌ ഒറ്റനോട്ടത്തില്‍ തോന്നിപ്പോകും. ഒരു പരിധിവരെ അത്‌ ശരിയുമാണ്‌; ഇടവഴികളില്‍ കാല്‍പതിക്കുന്നിടത്തെല്ലാം വിടര്‍ന്നു നില്‍ക്കുന്ന പൂക്കളുടെ സാന്നിധ്യം നിങ്ങളെ ആകര്‍ഷിക്കുന്നില്ലെങ്കില്‍, ആകാശത്തിന്റെ അനിര്‍വചനീയമായ നീലനിറം മനസിന്റെ സ്വസ്ഥത കെടുത്തുന്നില്ലെങ്കില്‍......കഴിഞ്ഞ വിഷുദിനത്തില്‍ ഒരു ഏകാന്തയാത്രയില്‍ ഊട്ടി കാത്തുവെച്ചിരുന്ന ദൃശ്യങ്ങളില്‍ ചിലത്‌ രണ്ട്‌ പോസ്‌റ്റുകളായി ഇവിടെ പ്രസിദ്ധീകരിക്കുന്നു. ആദ്യത്തേത്‌ 'കാഴ്‌ചകളും', അടുത്തത്‌ 'മുഖങ്ങളും'.

കാഴ്‌ചകള്‍

1.നീലാകാശത്തിനരികെ-എല്ലാ ചെടികളും പുഷ്‌പത്തിനായി ഉണരുന്ന കാലമാണ്‌ ഏപ്രില്‍. ദൈവത്തെക്കുറിച്ചു സംസാരിക്കൂ എന്നു പറഞ്ഞപ്പോള്‍, ആല്‍മന്‍ഡ്‌ വൃക്ഷം നിറയെ പുഷ്‌പിച്ചതായി നിക്കോസ്‌ കസാന്‍ദ്‌സാക്കിസ്‌ ഒരു ഹൈക്കുവില്‍ പറയുന്നു. ഈ മലമുകളില്‍ ചെടികളെല്ലാം ദൈവത്തെക്കുറിച്ച്‌ സംസാരിക്കുന്നത്‌ ഇപ്പോള്‍ കേള്‍ക്കാം. ഡൊട്ടപേട്ടയിലെ ടെലസ്‌കോപ്പ്‌ ഹൗസിനരികില്‍നിന്നുള്ള ദൃശ്യം.


2. കൊളോണിയല്‍ കാലം ബാക്കിവെച്ച പഴമയുടെ സ്‌പര്‍ശം ഊട്ടിയില്‍ ഇപ്പോഴും ആഴത്തില്‍ പതിഞ്ഞു കിടപ്പുണ്ട്‌- സെന്റ്‌ഹാര്‍ട്ട്‌ ദേവാലയത്തിന്‌ പിന്നിലെ കുന്നിന്‍ ചെരുവില്‍നിന്നുള്ള ഊട്ടിപട്ടണത്തിന്റെ കാഴ്‌ച.

3. കാരറ്റ്‌ കഴുകുന്നവര്‍-സ്വര്‍ണവര്‍ണമാര്‍ന്ന കാരറ്റ്‌ തേടിപ്പോകുന്നവര്‍ അറിയുന്നില്ല, എത്ര ചെളി അതില്‍നിന്ന്‌ ക്ഷമാപൂര്‍വം കഴുകിക്കളഞ്ഞാലാണ്‌ അതിന്‌ ആ നിറം കിട്ടുകയെന്ന്‌. ഊട്ടിയിലിപ്പോള്‍ കാരറ്റ്‌ വിളവെടുപ്പിന്റെ കാലംകൂടിയാണ്‌. പാതയോരങ്ങളിലെല്ലാം കാരറ്റ്‌ വില്‍ക്കുന്നവരെ കാണാം. ഊട്ടിക്കു സമീപത്തെ ഒരു കൃഷിയിടത്തില്‍നിന്ന്‌.

4. ആകാശനീലിമ പൂവിതളിലും-ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ്‌ ഈ ദൃശ്യം സന്ദര്‍ശകര്‍ക്കായി ഒരുങ്ങി നിന്നത്‌.

5. അത്യുന്നതങ്ങളില്‍ -ആകാശത്തേക്ക്‌ തലയുയര്‍ത്തി നിര്‍ക്കുന്ന സെന്റ്‌ ഹാര്‍ട്ട്‌ ദേവാലയഗോപുരം. പത്തൊന്‍പതാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട ഈ ദേവാലയത്തിലെ കന്യാമറിയത്തിന്റെ രൂപത്തിന്‌ മുന്നില്‍ പ്രാര്‍ഥിച്ചുകൊണ്ടാണ്‌ ഊട്ടിയില്‍ പലരുടെയും ദിവസം ആരംഭിക്കുന്നത്‌.

6. ഒരു കുഞ്ഞുപൂവിലും തളിര്‍ക്കാറ്റിലും...സിമന്റ്‌ മൂടിയ നടപ്പാതകളും മുറ്റങ്ങളുമൊഴിവാക്കിയാല്‍, എവിടെയൊക്കെ പച്ചപ്പ്‌ ഉണ്ടോ അവിടെയെല്ലാം പൂക്കളാണ്‌; പല വര്‍ണത്തില്‍, വലിപ്പത്തില്‍, പല ഭാവത്തില്‍..ബൊട്ടാണിക്കല്‍ ഗാര്‍ഡന്‌ എതിരെയുള്ള കുന്നിന്‍ചെരുവില്‍നിന്നുള്ള ദൃശ്യം.

7. മേഘങ്ങളെ തടവലാക്കിയ താഴ്‌വര-ഏപ്രിലില്‍ ഊട്ടിയിലെ ആകാശത്തിന്‌ നീലവര്‍ണം കൂടുന്നതിനൊപ്പം, മേഘങ്ങളുടെ ശില്‌പഘടനയും വിവരണാതീധമാകും. ഡൊട്ടപേട്ടയില്‍നിന്നുള്ള താഴ്‌വരയുടെയും ആകാശത്തിന്റെയും കാഴ്‌ച.

8. ഭൂമിയുടെ അതിരുകള്‍-ഊട്ടി മൈസൂര്‍ റൂട്ടില്‍ നൈന്‍ത്‌ മൈല്‍ ഷൂട്ടിങ്‌ സ്‌പോട്ട്‌ എത്രയോ സിനിമകള്‍ക്ക്‌ ലൊക്കേഷനായിട്ടുള്ള പ്രദേശമാണ്‌. വിശാലമായ പുല്‍മേടും താഴ്‌വരകളും താണിറങ്ങിയ ആകാശവും സന്ദര്‍ശകരെ സംഭ്രമിപ്പിക്കും. കാറ്റിന്റെയും വെളിച്ചത്തിന്റെയും സാമ്രാജ്യമായ ആ കുന്നിന്‍ ചെരിവിറങ്ങിവരുന്ന ഒരു സന്ദര്‍ശകന്‍.

9. ഊട്ടി മാരിയമ്മന്‍ ക്ഷേത്രത്തിലെ രഥോത്സവം. വിഷുവിന്‌ പിറ്റേന്നാണ്‌ ഇവിടുത്തെ മുഖ്യ ആഘോഷം. പൊരിയും ഉപ്പും രഥത്തിന്‌ നേരെയെറിഞ്ഞാണ്‌ ഭക്തര്‍ ആവേശം പ്രകടിപ്പിക്കുക.

13 comments:

Joseph Antony said...

കച്ചവടത്തിന്റെയും കെട്ടുകാഴ്‌ചകളുടെയും താവളം മാത്രമാണ്‌ ഊട്ടിയെന്ന്‌ ഒറ്റനോട്ടത്തില്‍ തോന്നിപ്പോകും. ഒരു പരിധിവരെ അത്‌ ശരിയുമാണ്‌; ഇടവഴികളില്‍ കാല്‍പതിക്കുന്നിടത്തെല്ലാം വിടര്‍ന്നു നില്‍ക്കുന്ന പൂക്കളുടെ സാന്നിധ്യം നിങ്ങളെ ആകര്‍ഷിക്കുന്നില്ലെങ്കില്‍, ആകാശത്തിന്റെ അനിര്‍വചനീയമായ നീലനിറം മനസിന്റെ സ്വസ്ഥത കെടുത്തുന്നില്ലെങ്കില്‍......കഴിഞ്ഞ വിഷുദിനത്തില്‍ ഒരു ഏകാന്തയാത്രയില്‍ ഊട്ടി കാത്തുവെച്ചിരുന്ന ദൃശ്യങ്ങളില്‍ ചിലത്‌.

Anonymous said...
This comment has been removed by a blog administrator.
മൂര്‍ത്തി said...

നന്ദി..

Manoj | മനോജ്‌ said...

നന്നായിട്ടുണ്ട് ലേഖനവും ചിത്രങ്ങളും. വിനോദസഞ്ചാരികള് കയ്യേറി നശിപ്പിച്ച ഒരു ന്നഗരമെന്നാണ് ഊട്ടി സന്ദര്‍ശിച്ചപ്പോള്‍ എനിക്ക് തോന്നിയത്. വീണ്ടും അങ്ങോട്ട് പോകാനൊരു താല്‍പ്പര്യവും തോന്നുന്നില്ല...

വേണു venu said...

കാഴ്ച്ചകള്‍ക്കു് നന്ദി.:)

vadavosky said...

ആ ഹൈക്കു കസാന്‍സാക്കീസിന്റേതല്ലെന്നാണ്‌ എന്റെ ഓര്‍മ്മ.കക്ഷിയുടെ തന്നെ Patricides എന്ന പുസ്തകത്തിന്റെ ആദ്യ പേജില്‍ വേറൊരു കവിയുടെ ഒരു കവിത കൊടുത്തിരിക്കുന്നതാണ്‌.( subject to correction).

I asked the Almond tree

Siter; speak to me of God.

Then the Almond tree blossomed

Joseph Antony said...

മൂര്‍ത്തി,
സ്വപ്‌നാടകന്‍,
വേണു,
വടവോസ്‌കി.
നിങ്ങളുടെ സാന്നിധ്യത്തില്‍ സന്തോഷം.

വടവോസ്‌കി, താങ്കള്‍ ചൂണ്ടിക്കാട്ടിയത്‌ ശരിയാണ്‌. ആ ഹൈക്കു ഞാന്‍ കണ്ടത്‌ കസാന്‍ദ്‌ സാക്കിസിന്റെ 'റിപ്പോര്‍ട്ടു ഗ്രിക്കോ'യിലാണ്‌. ചെറുപ്പത്തില്‍ സുഹൃത്തിനൊപ്പം ഒരു സന്ന്യാസിമഠത്തിലെ അന്തേവാസം കഴിഞ്ഞ്‌ തിരിച്ചിറങ്ങുമ്പോള്‍, മഠത്തിന്റെ മുറ്റത്തുവെച്ച്‌ സുഹൃത്ത്‌ കാസാന്‍ദ്‌ സാക്കിസിനോട്‌ പറയുന്നു-എനിക്കൊരു ഹൈക്കു മനസിലെത്തുന്നു:

I asked the Almond tree

Siter; speak to me of God.

Then the Almond tree blossomed

siva // ശിവ said...

നല്ല ഫോട്ടോകള്‍..നല്ല വിവരണം...നന്ദി...

ചങ്ങാതിക്കൂട്ടം said...

ഊട്ടിയുടെ വ്യത്യസ്‌തമായ കാഴ്‌ചകള്‍ തന്നതിന്‌ നന്ദി

Myna said...

സര്‍ വട്ടവടയില്‍ പോകുന്നതിനു കുറച്ചുദിവസം മുമ്പ്‌ ഞാന്‍ പോയി. ദാ,ഇപ്പോ അടുത്താഴ്‌ച ഉഞാന്‍ ഊട്ടിക്കുപോകുന്നു. അതിനു മുമ്പ്‌ ഇതു കണ്ടപ്പോള്‍ പോകണോ എന്നൊരു കണ്‍ഫ്യൂഷന്‍...നല്ല ഫോട്ടോകള്‍...നിരാശപ്പെടുത്തില്ലല്ലോ അല്ലേ സര്‍

Joseph Antony said...

ശിവ,
ചങ്ങാതിക്കൂട്ടം,
മൈന,
ഊട്ടിക്കാഴ്‌ചകള്‍ കാണാന്‍ എത്തിയതില്‍ സന്തോഷം.
മൈന, ഊട്ടി നിരാശപ്പെടുത്തുമോ എന്നിപ്പോള്‍ പ്രവചിക്കാനാവില്ല. പോയിനോക്കൂ, അതാണ്‌ നന്ന്‌. മുന്‍വിധി വേണ്ട എന്നാണ്‌ എന്റെ അഭ്യര്‍ഥന. ഈ പോസ്‌റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഊട്ടി എന്റെയുള്ളില്‍ ഉണര്‍ത്തിയ വസ്‌തുതകളാണ്‌. വേറൊരു ദിവസം, വേറൊരു മാനസികാവസ്ഥയില്‍ അവിടെയെത്തിയാല്‍ മറ്റൊരു അനുഭവമാകാം നമ്മെ കാത്തിരിക്കുന്നത്‌. ഏതായാലും ശുഭയാത്ര.

സിജി സുരേന്ദ്രന്‍ said...

സര്‍ ചക്കപോലെതോന്നിയ്ക്കുന്ന ആ പഴത്തിന്‍റെ പേര് ദുര്യന്‍ പഴം എന്നാണ്. മൂന്നാറിലെ ഒരു ഹോം സ്റ്റേയില്‍ ആ പഴമുണ്ട്, ഏതോ ചാനലിലെ കാര്‍ഷിക പരിപാടിയില്‍ കണ്ടിരുന്നു. ഇവിടെ കാലിഫോര്‍ണിയയില്‍ ഞാന്‍ ചൈനീസ് സ്റ്റോറില്‍ ആ പഴം കണ്ടു.

ഡി .പ്രദീപ് കുമാർ said...

ആ സ്ത്രീയുടെ കടയിൽ തൂക്കിയിട്ടിരിക്കുന്ന വലിയ മുള്ളുകളുള്ള പഴം ദുരിയാനാണു(Durio Zibethinus).പഴങ്ങളുടെ രാജാവെന്നറിയപ്പെടുന്ന ദുരിയാൻ രൂക്ഷഗന്ധമുള്ള പഴമാണു.ഇത്‌ വന്ധ്യതാചികിൽസയിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ടു.