Monday, April 28, 2008

ഊട്ടി-2: മുഖങ്ങള്‍

സമുദ്രനിരപ്പില്‍നിന്ന്‌ 7,349 അടി (2240 മീറ്റര്‍) ഉയരത്തിലാണ്‌ ഊട്ടി. പശ്ചിമഘട്ടവും പൂര്‍വഘട്ടവും സംഗമിക്കുന്നയിടം. ഇത്രയും ഉയരത്തിലെത്തി വേണം സന്ദര്‍ശകന്‌ അവന്റെ ആകാംക്ഷകളുടെ ഉത്തരം തേടാന്‍. പുതിയതായി എന്തൊക്കെയോ കാണാനും അനുഭവിക്കാനുള്ള ആകാംക്ഷ. ഡൊട്ടപേട്ട, പൈക്കര, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ടീ ഫാക്ടറി, ബോട്ടിങ്‌ -അതിനപ്പുറം അധികമൊന്നും സന്ദര്‍ശകന്‌ കേള്‍ക്കാന്‍ കഴിഞ്ഞെന്നു വരില്ല, കാണാനും. എന്നാല്‍, പ്രഭാതത്തില്‍ സമീപത്തെ ഏതെങ്കിലുമൊരു മലഞ്ചെരുവിലേക്ക്‌ നിശബ്ദനായി നടക്കുക...പൂക്കളുടെയും പക്ഷികളുടെയും ഒരു അജ്ഞാതസാമ്രാജ്യം നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും. വര്‍ണങ്ങളുടെയും ശബ്ദങ്ങളുടെയും തണുപ്പിന്റെയും മായികലോകം. ഏപ്രിലിന്റെ വെളിച്ചം നിറഞ്ഞ പകലുകളില്‍ ഊട്ടി എന്തിനോവേണ്ടി ഒരുങ്ങുന്നതുപോല. ശരിയാണ്‌, ഊട്ടി അതിന്റെ വര്‍ണകാലത്തിനായി തയ്യാറാവുകയാണ്‌-മെയ്‌ മാസത്തിലെ പുഷ്‌പോത്സവത്തിനായി.
തിരക്ക്‌ തുടങ്ങിയിരിക്കുന്നു. ലോഡ്‌ജുകളുടെ വാടക ഇപ്പോള്‍ തന്നെ ഇരട്ടിയിലധികമാണ്‌. എന്നിട്ടും, മുറികള്‍ കിട്ടാനില്ല. റോഡുകളില്‍ വാഹനങ്ങളുടെ ഒടുങ്ങാത്ത നിര. ഉദ്യാനങ്ങളിലും ടെലസ്‌കോപ്പ്‌ഹൗസിലുമൊക്കെ തോട വര്‍ഗക്കാരായ ആദിവാസി തൊഴിലാളികള്‍ ഊട്ടിയെ അണിയിച്ചൊരുക്കുകയാണ്‌; ചെടികള്‍ നട്ടും, പുല്‍നാമ്പുകള്‍ ചെത്തിമിനുക്കിയും, കെട്ടിടങ്ങള്‍ ചായമടിച്ചും. കന്നഡയും തെലുങ്കും മലയാളവും ഹിന്ദിയും തമിഴുമെല്ലാം ഓരോ കോണില്‍നിന്നും ഉയരുന്നു. അജ്ഞാതമായ ഏതോ നിധി തേടിയെത്തിയവരെപ്പോലെ സന്ദര്‍ശകര്‍ എല്ലാ കോണുകളും ആര്‍ത്തിയോടെ കൈയടക്കുന്നു. ഹോട്ടലുകളില്‍, റോഡുകളില്‍, ബോട്ട്‌ഹൗസുകളില്‍, ടെലസ്‌കോപ്പ്‌ ഹൗസില്‍, എല്ലായിടത്തും തിരക്കിന്റെയും തിമര്‍പ്പിന്റെയും വിപണനത്തിന്റെയും ഉത്സവം. ആ തിരിക്കിനിടിയില്‍ കണ്ട ചില മുഖങ്ങളാണ്‌ ചുവടെ, മനുഷ്യന്റെയും നാടിന്റെയും.
1. എത്രയെത്ര പൊയ്‌മുഖങ്ങള്‍-സഞ്ചാരം വിപണനമാക്കിയ ഒരു സ്ഥലത്ത്‌ ഇത്‌ സ്വാഭാവിക കാഴ്‌ച. ഊട്ടി-ഗൂഡല്ലൂര്‍ റൂട്ടിലെ പൈക്കരയില്‍ ബോട്ടിങ്‌ പോയന്റിനരികെ കരയില്‍ കയറ്റിവെച്ചിരിക്കുന്ന ഡസണ്‍കണക്കിന്‌ കളിവഞ്ചികളില്‍ ചിലത്‌.
2. വര്‍ണലോകത്തെ ടെലസ്‌കോപ്പ്‌ഹൗസ്‌-സീസണ്‍ എത്തിയിരിക്കുന്നു. പുഷ്‌പോത്സവത്തിനായി ഊട്ടിയിപ്പോള്‍ മുഖംമിനുക്കുകയാണ്‌. മെയ്‌ 10, 11 തിയതികളില്‍ നടക്കുന്ന പനിനീര്‍പ്പൂമേളയ്‌ക്ക്‌ ഇത്തവണ 3200 ഇനം ചെടികള്‍ പുഷ്‌പിക്കുമെന്നാണ്‌ അധികൃതര്‍ അറിയിക്കുന്നത്‌. കഴിഞ്ഞ വര്‍ഷം 2800 ഇനം ചെടികളാണുണ്ടായിരുന്നത്‌. ഡൊട്ടപേട്ടയിലെ ടെലസ്‌കോപ്പ്‌ ഹൗസിലും പെയിന്റിങ്‌ ജോലി പുരോഗമിക്കുകയാണ്‌.
3. ഊട്ടിയുടെ പ്രവേശനകവാടം എന്നാണ്‌ മേട്ടുപ്പാളയം വഴി പോകുമ്പോള്‍ ചുരത്തിലെ പറളിയാര്‍ അറിയപ്പെടുന്നത്‌. ബസ്സുകളും വാഹനങ്ങളുമെല്ലാം അവിടെ തെല്ലുനേരം നിര്‍ത്തുന്നു. ചായകുടി, പ്രാഥമികാവശ്യം നിര്‍വഹിക്കല്‍ ഒക്കെയാവാം. പറളിയാറിലെ ഒരു കച്ചവടക്കാരിയാണ്‌ ചിത്രത്തില്‍. അത്തിപ്പഴം പോലുള്ള കായയുടെ പേര്‌ അവര്‍ക്കറിയില്ല. സമീപത്തെ ഹോര്‍ട്ടികള്‍ച്ചറല്‍ ഫാമില്‍നിന്നുള്ളതാണ്‌. 'മലേഷ്യന്‍പഴം' എന്നാണ്‌ വിശേഷണം. ഗര്‍ഭധാരണത്തിന്‌ ഇത്‌ കഴിക്കുന്നത്‌ നല്ലതാണത്രേ.
4. ഇന്ത്യന്‍മുഖം, ഇന്ത്യയുടെ മുഖം- ചെങ്കല്‍പേട്ടില്‍നിന്ന്‌ ഗോപാല്‍ എത്തിയതും ഊട്ടി കാണാനാണ്‌. ഗോപാലിനെപ്പോലുള്ള കൂലിപ്പണിക്കാര്‍ മുതല്‍ വിദേശസഞ്ചാരികള്‍വരെ ഊട്ടി കാണാനെത്തുന്നവരില്‍ പെടുന്നു. ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍നിന്നുള്ള ദൃശ്യം.
5. ഏതുവേഷവുമാകാം, കൗബോയ്‌ ആകണോ അതിനും ഊട്ടിയില്‍ വഴിയുണ്ട്‌. ഡൊട്ടപേട്ടയില്‍ തൊപ്പി വില്‍ക്കുന്ന കച്ചവടക്കാരന്‍. കൗബോയ്‌ തൊപ്പിക്ക്‌ 150 രൂപാവരെയാണ്‌ വില.
6. താഴ്‌വര, മലനിരകള്‍, മേഘങ്ങള്‍, ആകാശം-എല്ലാം ഇവിടെ അടുത്താണ്‌, കൈയെത്തും ദൂരത്ത്‌. നൈന്‍ത്‌ മൈല്‍ ഷൂട്ടിങ്‌ സ്‌പോട്ടില്‍നിന്നുള്ള ദൃശ്യം.
7. സന്ദര്‍ശകരുടെ കുതിരസവാരിയും ഊട്ടിയിലെ വരുമാനമാര്‍ഗമാണ്‌. നൂറുരൂപ നല്‍കി ആര്‍ക്കുമിവിടെ കുതിരപ്പുറത്ത്‌ കയറാം.
8. പൂഷ്‌പമേളയുടെ മറുവശം പുഷ്‌പമേളയുടെ ലഹരിയില്‍ മതിമറക്കുന്ന സന്ദര്‍ശകര്‍ അറിയത്ത ഒരു കാര്യമുണ്ട്‌. ചെടികളെ ഭംഗിയായി നിര്‍ത്താന്‍ എത്രമാത്രം കീടനാശിനികള്‍ ഈ മണ്ണിലും വായുവിലും കലരുന്നുണ്ടെന്ന്‌. ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായ ജോലിയിലേര്‍പ്പെട്ടിരിക്കുന്ന കുട്ടന്‍ എന്ന തോടവര്‍ഗക്കാരന്‍. ചെടികളിലടിക്കാനുള്ള 'റോഗോന്‍' കീടനാശിനി കൈയുറപോലും ധരിക്കാതെ കത്തികൊണ്ട്‌ തുറക്കാന്‍ ശ്രമിക്കുകയാണ്‌ അയാള്‍.
9. ഓര്‍മയ്‌ക്കായി-ഒരുവര്‍ഷം വരെ വാടാത്ത പൂവ്‌ കൊണ്ടുപോകാം, ഒരു കെട്ടിന്‌ പത്തുരൂപ മാത്രം. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‌ മുന്നില്‍ പൂ വില്‍ക്കുന്ന മഹാലക്ഷ്‌മി.

7 comments:

JA said...

ഊട്ടിയില്‍ തിരക്ക്‌ തുടങ്ങിയിരിക്കുന്നു. മുറികള്‍ കിട്ടാനില്ല. റോഡുകളില്‍ വാഹനങ്ങളുടെ ഒടുങ്ങാത്ത നിര. കന്നഡയും തെലുങ്കും മലയാളവും ഹിന്ദിയും തമിഴുമെല്ലാം ഓരോ കോണില്‍നിന്നും ഉയരുന്നു. അജ്ഞാതമായ ഏതോ നിധി തേടിയെത്തിയവരെപ്പോലെ സന്ദര്‍ശകര്‍ എല്ലാ കോണുകളും ആര്‍ത്തിയോടെ കൈയടക്കുന്നു. ഹോട്ടലുകളില്‍, റോഡുകളില്‍, ബോട്ട്‌ഹൗസുകളില്‍, ടെലസ്‌കോപ്പ്‌ ഹൗസില്‍, എല്ലായിടത്തും തിരക്കിന്റെയും തിമര്‍പ്പിന്റെയും ഉത്സവം. ആ തിരിക്കിനിടിയില്‍ കണ്ട ചില മുഖങ്ങള്‍.

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...
This comment has been removed by the author.
ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

ജോസഫ് സാര്‍, ഈ ഊട്ടിപ്പടങ്ങളും വിവരണങ്ങളും വീണ്ടും സ്വപ്നഭൂമിയായ നീലഗിരിയുടെ മടിയിലെത്തിച്ചു. നന്ദി.

സ്വപ്നാടകന്‍ said...

ഊട്ടിപ്പട്ടണം, പൂക്കള്‍ തന്‍ ചിത്രം
എല്ലാം കൊള്ളാമേ...

ആള്‍ ബഹളം കാണുമ്പോള്‍ തലയും ചുറ്റുന്നേ!

ദേവന്‍ said...

പഴക്കാരി പറഞ്ഞത് ശരിയാണല്ലോ. അത് പഴങ്ങളുടെ രാജാവ് എന്ന് മലേഷ്യക്കാര്‍ വിളിക്കുന്ന്ന ഡ്യൂറിയന്‍ ആണ്. അവരുടെ ദേശീയ പഴം.

http://www.durianpalace.com/photogallery.htm

ഒരുതരം കൂറ്റന്‍ ആഞ്ഞിലിപ്പഴം. നമ്മള്‍ക്ക് തെങ്ങിനോടെന്നപോലെ മലയര്‍ക്ക് ഡ്രൂറിയനോട് ഒരു സ്നേഹമുണ്ട് (തരക്കേടില്ലാത്ത രുചിയാണീതിന്, പക്ഷേ പനമ്പഴം പോലെ ഒരു രൂക്ഷമായ ഗന്ധമാണ്)

കൊല്ലത്ത് ‘ഊട്ടി വെജിറ്റബിള്‍‘ എന്നാല്‍ വിലകൂടിയ ഉത്പന്നമാണ്. ഗുണത്തിലോ രുചിയിലോ മികച്ചതാണോ ആവോ?

അന്യന്‍ said...

"പറളിയാറിലെ ഒരു കച്ചവടക്കാരിയാണ്‌ ചിത്രത്തില്‍. അത്തിപ്പഴം പോലുള്ള കായയുടെ പേര്‌ അവര്‍ക്കറിയില്ല. സമീപത്തെ ഹോര്‍ട്ടികള്‍ച്ചറല്‍ ഫാമില്‍നിന്നുള്ളതാണ്‌. 'മലേഷ്യന്‍പഴം' എന്നാണ്‌ വിശേഷണം."

മാഷേ...
ദേവന്റെ അഭിപ്രായത്തോട്‌ യോജിക്കാതെ തരമില്ല...
അത്‌ ഡ്യൂറിയന്‍ തന്നെ.....

പിന്നെ...കാണാനേ ഇല്ലല്ലോ...
എപ്പോഴാ തിരിച്ച്‌ കോഴിക്കേട്ടെത്തുന്നത്‌...മാഷേ...?

JA said...

ഏറനാടന്‍,
സ്വപ്‌നാടകന്‍,
ദേവന്‍,
അനിയാ (അന്യാ),
ഇവിടെയെത്തി ഈ കാഴചകള്‍ കണ്ട്‌ അഭിപ്രായം രേഖപ്പെടുത്തിയതില്‍ വളരെ വളരെ സന്തോഷം.

ദേവന്‍ ജീ, എനിക്കറിയാമായിരുന്നു, ആരെങ്കിലും ആ പഴത്തിന്റെ പേര്‌ പറഞ്ഞുതരുമെന്ന്‌. ഒരു പഴത്തിനും രഹസ്യമായി ജീവിക്കാന്‍ പറ്റില്ലല്ലോ. നന്ദി. മാത്രമല്ല, താങ്കള്‍ നല്‍കിയ ആ ലിങ്കിലുള്ള ഡ്യൂറിയന്‍ പഴങ്ങളുടെ ദൃശ്യങ്ങള്‍ കണ്ട്‌ വായില്‍ വെള്ളമൂറുകയും ചെയ്‌തു.