Thursday, July 26, 2007

വേരിനെ പേടിച്ച്‌ മരം മുറിക്കുമ്പോള്‍

കോഴിക്കോട്‌ ബിലാത്തിക്കുളത്തെ കേശവമേനോന്‍ നഗറിലെ കോളനി അസോസിയേഷന്‍ ഭാരവാഹികള്‍ അടുത്തയിടെ പുതിയൊരു കണ്ടുപിടിത്തം നടത്തി. മരങ്ങള്‍ക്ക്‌ വേരുകളുണ്ട്‌. വേരുകള്‍ മണ്ണില്‍ ആണ്ടിറങ്ങുമത്രേ. അത്‌ സമീപത്തെ കെട്ടിടങ്ങള്‍ക്ക്‌ ഭീഷണിയാകും. കെട്ടിടം പെട്ടന്നു തകര്‍ന്നു വീണാല്‍ ആരാണ്‌ സമാധാനം പറയുക; വേരുകള്‍ പറയുമോ. ഈ അത്യാപത്ത്‌ ഒഴിവാക്കാന്‍ ഒറ്റ ഉപായമേയുള്ളു, അസോസിയേഷനിലെ ബുദ്ധിരാക്ഷസന്‍മാര്‍ തീരുമാനിച്ചു, കോളനിയിലെ മരങ്ങള്‍ എല്ലാം മുറിച്ചു മാറ്റുക.

ആ തീരുമാനം നടപ്പാക്കാന്‍ തുടങ്ങിയതിന്റെ ദൃശ്യങ്ങള്‍ ഇവിടെ കാണാം. പത്തിരുപത്‌ വര്‍ഷം പഴക്കമുള്ള ഒരു ബദാം മരം ഇനിയിവിടെ ഓര്‍മ മാത്രം. വര്‍ഷങ്ങളായി കോളനിയിലെ കുട്ടികള്‍ക്ക്‌ ബദാംകായ തല്ലിപ്പോട്ടിച്ചു തിന്നാന്‍ ആ മരം അവസരമൊരുക്കിയിരുന്നു. അയല്‍പക്കത്തെ സ്‌ത്രീകള്‍ക്ക്‌ എത്ര കൊടുംവേനലിലും കൂട്ടംകൂടി കുശലം പറയാനുണ്ടായിരുന്ന തണലും അസ്‌തമിച്ചു. ഇനിയും എത്രവര്‍ഷം, ഈ കോണ്‍ക്രീറ്റ്‌ കാടിന്‌ പച്ചപ്പിന്റെ സാന്നിധ്യവും ആശ്വാസവും നല്‍കേണ്ടിയിരുന്ന മരം. അടുത്ത നിര്‍ക്കുന്ന മരങ്ങള്‍ക്കും ഉടന്‍ കോടാലി വീഴും.

അസോസിയേഷന്റെ നിലവാരത്തില്‍ ചിന്തിച്ചിരുന്നെങ്കില്‍ കേരളത്തില്‍ മനുഷ്യവാസമുള്ള സ്ഥലങ്ങളില്‍ വൃക്ഷങ്ങളേ പാടില്ല. വേര്‌ അത്ര വലിയ ആപത്തായിരുന്നെങ്കില്‍ കേരളത്തില്‍ ഒറ്റ കെട്ടിടമെങ്കിലും അവശേഷിക്കുമായിരുന്നോ?

6 comments:

Joseph Antony said...

മരത്തിന്‌ വേരുകളുണ്ടെന്നും, അത്‌കൊണ്ട്‌ അവ കെട്ടിടങ്ങള്‍ക്ക്‌ ഭീഷണിയാണെന്നും കണ്ടുപിടിച്ചിരിക്കുന്നു ഒരു കൂട്ടര്‍. അതിന്റെ ഫലമോ മഴുവും മരവും തമ്മിലുള്ള ആ നിതാന്ത സൗഹൃദവും!

ഉറുമ്പ്‌ /ANT said...

:(

സാജന്‍| SAJAN said...

അപ്പൊ അതിന്റെ സത്യാവസ്ഥ എന്താന്നു കൂടെ എഴുതാമായിരുന്നു, മരങ്ങളുടെ വേരുകള്‍ വീടിന് ഭീഷണിയല്ലേ?

keralafarmer said...

മരങ്ങളില്‍ ചിലവ വീടിനോട്‌ ചേര്‍ന്ന്‌ നിന്നാല്‍ ആപത്താണ്. എന്നാല്‍ ഈ മുറിച്ചിരിക്കുന്ന മരം ദൂരത്താകയാല്‍ ഒരാപത്തിനും കാരണമാകില്ല എന്നു മാത്രമല്ല ഇടി മിന്നലില്‍ നിന്ന്‌ ജീവന്‍ രക്ഷിക്കുവാന്‍ ഈ മരങ്ങള്‍ക്ക്‌ കഴിയുകയും ചെയ്യും. വീടിനോട്‌ ചേര്‍ന്ന്‌ കനം കുറഞ്ഞ വേരുകളുള്ള തെങ്ങുപോലുള്ള മരങ്ങള്‍ നടാമല്ലോ.

സു | Su said...

വേരുകൊണ്ട് വീടിനു ദോഷം എന്നു പറയുന്നത് ഒരുതരത്തില്‍ ശരിതന്നെയാണ്. മതിലിലേക്കും, കിണറിലേക്കും വ്യാപിക്കും വേരുകള്‍. പക്ഷെ വീടിന് അത്രയ്ക്കും ദോഷമില്ലെങ്കില്‍ ഇത്തരം മരങ്ങള്‍ മുറിച്ചുമാറ്റാത്തത് തന്നെ നല്ലത്.

അപ്പു ആദ്യാക്ഷരി said...

കെട്ടിടത്തോട് തൊട്ടുചേര്‍ന്ന് നില്‍ക്കൂന്ന മരങ്ങളുടെ വേരുകള്‍ പ്രശ്നങ്ങളുണ്ടാക്കാം. പക്ഷേ ഒരല്‍പ്പം നീങ്ങി നില്‍ക്കുന്ന മരങ്ങളേങ്ങനെ പ്രശ്നക്കാരാകും? മാത്രവുമല്ല, എല്ലാ മരങ്ങളുടെയും വേരുകള്‍ ഒരേ രീതിയിലല്ല മണ്ണില്‍ പടരുന്നത്.