Thursday, December 17, 2009

കാക്കയും കടലും

ആലപ്പുഴ കടപ്പുറത്തുനിന്നുള്ള ദൃശ്യങ്ങള്‍

Sunday, October 19, 2008

നെല്ലിയാമ്പതി

പാലക്കാട്ടെ സമതലങ്ങളെ പിന്നിട്ട്‌ 3700 അടി ഉയരത്തിലെത്തുക. എന്നിട്ട്‌, താഴെ വന്ന സ്ഥലത്തേക്ക്‌ നോക്കുക, അത്ഭുതപ്പെടുക. നാറാണത്ത്‌ ഭ്രാന്തന്റൈ ഹോബിക്ക്‌ സമാനമായ ഒന്ന്‌. സന്ദര്‍ശകര്‍ക്ക്‌ നെല്ലിയാമ്പതി കാത്തുവെച്ചിരിക്കുന്നത്‌ ഒര്‍ഥത്തില്‍ ഇത്തരമൊരു അനുഭവമാണ്‌. വ്യൂ പോയന്റുകള്‍ എന്നറിയപ്പെടുന്ന പര്‍വതവക്കുകളെല്ലാം, താഴെത്തെ സമതലങ്ങളെ ഉയരത്തില്‍നിന്ന്‌ നോക്കാനുള്ള സ്ഥലങ്ങളാണ്‌. ചിറ്റൂരും പൊള്ളാച്ചിയും നെന്‍മാറയും പറമ്പിക്കുളം വനങ്ങളുമെല്ലാം, പര്‍വതശിഖരങ്ങള്‍ക്ക്‌ ചുറ്റും താഴെയായി നോക്കാന്‍ പാകത്തിലുണ്ട്‌.

1200 കിലോമീറ്റര്‍ നീളുന്നതാണ്‌ പശ്ചിമഘട്ടം. വടക്ക്‌ താപ്‌തി നദീതടം മുതല്‍ തെക്ക്‌ കന്യാകുമാരി വരെ അതങ്ങനെ അലസശയനം നടത്തുന്നു. പക്ഷേ, പാലക്കാട്ട്‌ വാളയാര്‍ എത്തുമ്പോഴേക്കും എന്തോ അത്ഭുതത്താല്‍ പശ്ചിമഘട്ടം അപ്രത്യക്ഷമായിരിക്കുന്നു. പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. പിന്നെയുള്ളത്‌ സമുദ്രനിരപ്പില്‍നിന്ന്‌ വെറും നൂറുമീറ്റര്‍ മാത്രം ഉയരത്തിലുള്ള പാലക്കാടന്‍ സമതലം മാത്രം. വാളയാര്‍ നിന്ന്‌ 36 കിലോമീറ്റര്‍ തെക്കെത്തണം, പശ്ചിമഘട്ടത്തെ പിന്നെ കാണാന്‍. അത്യപൂര്‍വമായ ഒരു ഭൗമപ്രതിഭാസം. പശ്ചിമഘട്ടം അപ്രത്യക്ഷമായിരിക്കുന്ന ഈ 36 കിലോമീറ്റര്‍ വരുന്ന സമതലത്തെയാണ്‌ പാലക്കാടന്‍ചുരം എന്ന്‌ വിളിക്കുന്നത്‌.

ചുരത്തിന്റെ തെക്കന്‍ അറ്റത്താണ്‌ നെല്ലിയാമ്പതി മലനിരകള്‍. പാലക്കാട്‌ പട്ടണത്തില്‍ നിന്ന്‌ വെറും മൂന്നര മണിക്കൂര്‍ യാത്രകൊണ്ട്‌, തണുപ്പിന്റെയും മഞ്ഞിന്റെയും അത്യപൂര്‍വമായ ജൈവസമ്പത്തിന്റെയും ആ മലമുകളിലെത്താം, കഴിയുന്നിടത്തെല്ലാം ചെന്ന്‌ താഴേക്ക്‌ നോക്കാം. നാരാണത്ത്‌ ഭ്രാന്തന്‍മാരായി സ്വയം സന്തോഷിക്കാം. മലമുകളിലേക്ക്‌ ഉരുട്ടിക്കയറ്റിയ കല്ല്‌ താഴേക്ക്‌ പോകുന്നത്‌ കാണുമ്പോഴത്തെ നിഷ്‌ക്കളങ്ക ആഹ്ലാദത്തില്‍ ഇടയ്‌ക്കെങ്കിലും അകപ്പെടാന്‍ ആഗ്രഹിക്കാത്ത ആരാണ്‌ ഉള്ളത്‌.

-ഇതൊടൊപ്പമുള്ള ചിത്രങ്ങളില്‍ ആദ്യത്തേത്‌ ഗൂഗിള്‍ എര്‍ത്തില്‍ നിന്നുള്ളതാണ്‌. പാലക്കാടന്‍ചുരത്തിന്റെ ഒരു ആകാശദൃശ്യം ഇതില്‍ കാണാം. തെക്കേയറ്റത്ത്‌ കാണുന്ന മലനിരകളാണ്‌ നെല്ലിയാമ്പതി. ഫോട്ടോകളില്‍ മലയണ്ണാന്റേത്‌ ഒഴികെ ബാക്കിയെല്ലാം, മഞ്ഞുമൂടിയ സീതാര്‍കുണ്ടില്‍ നിന്നുള്ളത്‌.

Friday, October 17, 2008

ഒരടുപ്പും ആറ്‌ പൂച്ചകളും

ഹോ, ഈ ചൂടില്‍ എന്തു സുഖം!

Monday, October 6, 2008

മഞ്ഞിന്‍ കൂടാരം

പുലരി, മഞ്ഞിന്റെ സാമ്രാജ്യം.
സൂര്യനെ അത്‌ മയപ്പെടുത്തുന്നു.
ഗൃഹാതുരത്വത്തിന്റെ തീക്കനലുകള്‍
തണുപ്പകറ്റുന്ന വേള.
വായു, മണ്ണ്‌, മഞ്ഞ്‌...എല്ലാറ്റിനും മീതെ നിശബ്ദത തളംകെട്ടുന്നു.
ആകാശം വരെ പടര്‍ന്നു പടരുന്ന ശാന്തത......തേക്കടിയില്‍ വനശ്രീ ഓഡിറ്റോറിയത്തിന്‌ പരിസരത്തു നിന്ന്‌ പകര്‍ത്തിയ രണ്ട്‌ ദൃശ്യങ്ങള്‍.

Tuesday, June 10, 2008

പുലരിവെട്ടത്തില്‍ ഭാരതപ്പുഴ

തിരുനാവായയില്‍ അച്ഛന്റെ ശ്രാദ്ധത്തിന്‌ പോകുന്ന കാര്യം സഹപ്രവര്‍ത്തകനായ കൃഷ്‌ണകുമാര്‍ പി.എസ്‌. പറയുന്നത്‌ രാത്രി ഡ്യൂട്ടിക്കിടയിലാണ്‌. പാലക്കാട്ടു നിന്ന്‌ പുലര്‍ച്ചയുള്ള തീവണ്ടിയില്‍ തിരുനാവായയ്‌ക്ക്‌ പോകാനാണ്‌ പരിപാടി. ഏഴുമണിയോടെ തിരുനാവായ നാവാമുകുന്ദാക്ഷേത്രത്തിലെത്തുമെന്ന്‌ അദ്ദേഹം പറഞ്ഞപ്പോള്‍, പ്രലോഭനം അടക്കാനായില്ല. ഭാരതപ്പുഴയെ പല സമയത്തും കണ്ടിട്ടുണ്ടെങ്കിലും, പുലരി വെട്ടത്തില്‍ എങ്ങനെയിരിക്കുമെന്ന്‌ അറിയില്ല. അതറിയാനുള്ള അവസരം ഒത്തുവന്നിരിക്കുന്നു. കൃഷ്‌ണകുമാറിന്‌ കൂട്ടുപോയത്‌ അങ്ങനെയാണ്‌.

ശ്രാദ്ധമിടുന്നവരുടെ തിരക്കും, മന്ത്രങ്ങളുടെ നിലയ്‌ക്കാത്ത ശബ്ദവുമെല്ലാമേറ്റ്‌ പുഴ ഉണര്‍ന്നു വരുന്നതിനാണ്‌ സാക്ഷിയായത്‌. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ആ പ്രഭാതം ക്യാമറയ്‌ക്കു വഴങ്ങുന്നതായിരുന്നില്ല, എങ്കിലും ചില ദൃശ്യങ്ങള്‍ ഇവിടെ.
Monday, April 28, 2008

ഊട്ടി-2: മുഖങ്ങള്‍

സമുദ്രനിരപ്പില്‍നിന്ന്‌ 7,349 അടി (2240 മീറ്റര്‍) ഉയരത്തിലാണ്‌ ഊട്ടി. പശ്ചിമഘട്ടവും പൂര്‍വഘട്ടവും സംഗമിക്കുന്നയിടം. ഇത്രയും ഉയരത്തിലെത്തി വേണം സന്ദര്‍ശകന്‌ അവന്റെ ആകാംക്ഷകളുടെ ഉത്തരം തേടാന്‍. പുതിയതായി എന്തൊക്കെയോ കാണാനും അനുഭവിക്കാനുള്ള ആകാംക്ഷ. ഡൊട്ടപേട്ട, പൈക്കര, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ടീ ഫാക്ടറി, ബോട്ടിങ്‌ -അതിനപ്പുറം അധികമൊന്നും സന്ദര്‍ശകന്‌ കേള്‍ക്കാന്‍ കഴിഞ്ഞെന്നു വരില്ല, കാണാനും. എന്നാല്‍, പ്രഭാതത്തില്‍ സമീപത്തെ ഏതെങ്കിലുമൊരു മലഞ്ചെരുവിലേക്ക്‌ നിശബ്ദനായി നടക്കുക...പൂക്കളുടെയും പക്ഷികളുടെയും ഒരു അജ്ഞാതസാമ്രാജ്യം നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും. വര്‍ണങ്ങളുടെയും ശബ്ദങ്ങളുടെയും തണുപ്പിന്റെയും മായികലോകം. ഏപ്രിലിന്റെ വെളിച്ചം നിറഞ്ഞ പകലുകളില്‍ ഊട്ടി എന്തിനോവേണ്ടി ഒരുങ്ങുന്നതുപോല. ശരിയാണ്‌, ഊട്ടി അതിന്റെ വര്‍ണകാലത്തിനായി തയ്യാറാവുകയാണ്‌-മെയ്‌ മാസത്തിലെ പുഷ്‌പോത്സവത്തിനായി.
തിരക്ക്‌ തുടങ്ങിയിരിക്കുന്നു. ലോഡ്‌ജുകളുടെ വാടക ഇപ്പോള്‍ തന്നെ ഇരട്ടിയിലധികമാണ്‌. എന്നിട്ടും, മുറികള്‍ കിട്ടാനില്ല. റോഡുകളില്‍ വാഹനങ്ങളുടെ ഒടുങ്ങാത്ത നിര. ഉദ്യാനങ്ങളിലും ടെലസ്‌കോപ്പ്‌ഹൗസിലുമൊക്കെ തോട വര്‍ഗക്കാരായ ആദിവാസി തൊഴിലാളികള്‍ ഊട്ടിയെ അണിയിച്ചൊരുക്കുകയാണ്‌; ചെടികള്‍ നട്ടും, പുല്‍നാമ്പുകള്‍ ചെത്തിമിനുക്കിയും, കെട്ടിടങ്ങള്‍ ചായമടിച്ചും. കന്നഡയും തെലുങ്കും മലയാളവും ഹിന്ദിയും തമിഴുമെല്ലാം ഓരോ കോണില്‍നിന്നും ഉയരുന്നു. അജ്ഞാതമായ ഏതോ നിധി തേടിയെത്തിയവരെപ്പോലെ സന്ദര്‍ശകര്‍ എല്ലാ കോണുകളും ആര്‍ത്തിയോടെ കൈയടക്കുന്നു. ഹോട്ടലുകളില്‍, റോഡുകളില്‍, ബോട്ട്‌ഹൗസുകളില്‍, ടെലസ്‌കോപ്പ്‌ ഹൗസില്‍, എല്ലായിടത്തും തിരക്കിന്റെയും തിമര്‍പ്പിന്റെയും വിപണനത്തിന്റെയും ഉത്സവം. ആ തിരിക്കിനിടിയില്‍ കണ്ട ചില മുഖങ്ങളാണ്‌ ചുവടെ, മനുഷ്യന്റെയും നാടിന്റെയും.
1. എത്രയെത്ര പൊയ്‌മുഖങ്ങള്‍-സഞ്ചാരം വിപണനമാക്കിയ ഒരു സ്ഥലത്ത്‌ ഇത്‌ സ്വാഭാവിക കാഴ്‌ച. ഊട്ടി-ഗൂഡല്ലൂര്‍ റൂട്ടിലെ പൈക്കരയില്‍ ബോട്ടിങ്‌ പോയന്റിനരികെ കരയില്‍ കയറ്റിവെച്ചിരിക്കുന്ന ഡസണ്‍കണക്കിന്‌ കളിവഞ്ചികളില്‍ ചിലത്‌.
2. വര്‍ണലോകത്തെ ടെലസ്‌കോപ്പ്‌ഹൗസ്‌-സീസണ്‍ എത്തിയിരിക്കുന്നു. പുഷ്‌പോത്സവത്തിനായി ഊട്ടിയിപ്പോള്‍ മുഖംമിനുക്കുകയാണ്‌. മെയ്‌ 10, 11 തിയതികളില്‍ നടക്കുന്ന പനിനീര്‍പ്പൂമേളയ്‌ക്ക്‌ ഇത്തവണ 3200 ഇനം ചെടികള്‍ പുഷ്‌പിക്കുമെന്നാണ്‌ അധികൃതര്‍ അറിയിക്കുന്നത്‌. കഴിഞ്ഞ വര്‍ഷം 2800 ഇനം ചെടികളാണുണ്ടായിരുന്നത്‌. ഡൊട്ടപേട്ടയിലെ ടെലസ്‌കോപ്പ്‌ ഹൗസിലും പെയിന്റിങ്‌ ജോലി പുരോഗമിക്കുകയാണ്‌.
3. ഊട്ടിയുടെ പ്രവേശനകവാടം എന്നാണ്‌ മേട്ടുപ്പാളയം വഴി പോകുമ്പോള്‍ ചുരത്തിലെ പറളിയാര്‍ അറിയപ്പെടുന്നത്‌. ബസ്സുകളും വാഹനങ്ങളുമെല്ലാം അവിടെ തെല്ലുനേരം നിര്‍ത്തുന്നു. ചായകുടി, പ്രാഥമികാവശ്യം നിര്‍വഹിക്കല്‍ ഒക്കെയാവാം. പറളിയാറിലെ ഒരു കച്ചവടക്കാരിയാണ്‌ ചിത്രത്തില്‍. അത്തിപ്പഴം പോലുള്ള കായയുടെ പേര്‌ അവര്‍ക്കറിയില്ല. സമീപത്തെ ഹോര്‍ട്ടികള്‍ച്ചറല്‍ ഫാമില്‍നിന്നുള്ളതാണ്‌. 'മലേഷ്യന്‍പഴം' എന്നാണ്‌ വിശേഷണം. ഗര്‍ഭധാരണത്തിന്‌ ഇത്‌ കഴിക്കുന്നത്‌ നല്ലതാണത്രേ.
4. ഇന്ത്യന്‍മുഖം, ഇന്ത്യയുടെ മുഖം- ചെങ്കല്‍പേട്ടില്‍നിന്ന്‌ ഗോപാല്‍ എത്തിയതും ഊട്ടി കാണാനാണ്‌. ഗോപാലിനെപ്പോലുള്ള കൂലിപ്പണിക്കാര്‍ മുതല്‍ വിദേശസഞ്ചാരികള്‍വരെ ഊട്ടി കാണാനെത്തുന്നവരില്‍ പെടുന്നു. ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍നിന്നുള്ള ദൃശ്യം.
5. ഏതുവേഷവുമാകാം, കൗബോയ്‌ ആകണോ അതിനും ഊട്ടിയില്‍ വഴിയുണ്ട്‌. ഡൊട്ടപേട്ടയില്‍ തൊപ്പി വില്‍ക്കുന്ന കച്ചവടക്കാരന്‍. കൗബോയ്‌ തൊപ്പിക്ക്‌ 150 രൂപാവരെയാണ്‌ വില.
6. താഴ്‌വര, മലനിരകള്‍, മേഘങ്ങള്‍, ആകാശം-എല്ലാം ഇവിടെ അടുത്താണ്‌, കൈയെത്തും ദൂരത്ത്‌. നൈന്‍ത്‌ മൈല്‍ ഷൂട്ടിങ്‌ സ്‌പോട്ടില്‍നിന്നുള്ള ദൃശ്യം.
7. സന്ദര്‍ശകരുടെ കുതിരസവാരിയും ഊട്ടിയിലെ വരുമാനമാര്‍ഗമാണ്‌. നൂറുരൂപ നല്‍കി ആര്‍ക്കുമിവിടെ കുതിരപ്പുറത്ത്‌ കയറാം.
8. പൂഷ്‌പമേളയുടെ മറുവശം പുഷ്‌പമേളയുടെ ലഹരിയില്‍ മതിമറക്കുന്ന സന്ദര്‍ശകര്‍ അറിയത്ത ഒരു കാര്യമുണ്ട്‌. ചെടികളെ ഭംഗിയായി നിര്‍ത്താന്‍ എത്രമാത്രം കീടനാശിനികള്‍ ഈ മണ്ണിലും വായുവിലും കലരുന്നുണ്ടെന്ന്‌. ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായ ജോലിയിലേര്‍പ്പെട്ടിരിക്കുന്ന കുട്ടന്‍ എന്ന തോടവര്‍ഗക്കാരന്‍. ചെടികളിലടിക്കാനുള്ള 'റോഗോന്‍' കീടനാശിനി കൈയുറപോലും ധരിക്കാതെ കത്തികൊണ്ട്‌ തുറക്കാന്‍ ശ്രമിക്കുകയാണ്‌ അയാള്‍.
9. ഓര്‍മയ്‌ക്കായി-ഒരുവര്‍ഷം വരെ വാടാത്ത പൂവ്‌ കൊണ്ടുപോകാം, ഒരു കെട്ടിന്‌ പത്തുരൂപ മാത്രം. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‌ മുന്നില്‍ പൂ വില്‍ക്കുന്ന മഹാലക്ഷ്‌മി.

Saturday, April 26, 2008

ഊട്ടിയില്‍ ഒരു വിഷുദിനത്തില്‍

ഏപ്രിലില്‍ രണ്ടു മുഖങ്ങളുണ്ട്‌ ഊട്ടിക്ക്‌-ചുട്ടുപൊള്ളുന്ന വെയില്‍ നിറഞ്ഞ പകലിന്റേയും, തണുപ്പിന്റെ അവിശ്വസനീയതയിലേക്ക്‌ സന്ദര്‍ശകരെ അകപ്പെടുത്തുന്ന രാത്രിയുടേയും. ഇതുരണ്ടുമൊഴിവാക്കിയാല്‍, കച്ചവടത്തിന്റെയും കെട്ടുകാഴ്‌ചകളുടെയും മറ്റൊരു താവളം മാത്രമാണ്‌ ഊട്ടിയെന്ന്‌ ഒറ്റനോട്ടത്തില്‍ തോന്നിപ്പോകും. ഒരു പരിധിവരെ അത്‌ ശരിയുമാണ്‌; ഇടവഴികളില്‍ കാല്‍പതിക്കുന്നിടത്തെല്ലാം വിടര്‍ന്നു നില്‍ക്കുന്ന പൂക്കളുടെ സാന്നിധ്യം നിങ്ങളെ ആകര്‍ഷിക്കുന്നില്ലെങ്കില്‍, ആകാശത്തിന്റെ അനിര്‍വചനീയമായ നീലനിറം മനസിന്റെ സ്വസ്ഥത കെടുത്തുന്നില്ലെങ്കില്‍......കഴിഞ്ഞ വിഷുദിനത്തില്‍ ഒരു ഏകാന്തയാത്രയില്‍ ഊട്ടി കാത്തുവെച്ചിരുന്ന ദൃശ്യങ്ങളില്‍ ചിലത്‌ രണ്ട്‌ പോസ്‌റ്റുകളായി ഇവിടെ പ്രസിദ്ധീകരിക്കുന്നു. ആദ്യത്തേത്‌ 'കാഴ്‌ചകളും', അടുത്തത്‌ 'മുഖങ്ങളും'.

കാഴ്‌ചകള്‍

1.നീലാകാശത്തിനരികെ-എല്ലാ ചെടികളും പുഷ്‌പത്തിനായി ഉണരുന്ന കാലമാണ്‌ ഏപ്രില്‍. ദൈവത്തെക്കുറിച്ചു സംസാരിക്കൂ എന്നു പറഞ്ഞപ്പോള്‍, ആല്‍മന്‍ഡ്‌ വൃക്ഷം നിറയെ പുഷ്‌പിച്ചതായി നിക്കോസ്‌ കസാന്‍ദ്‌സാക്കിസ്‌ ഒരു ഹൈക്കുവില്‍ പറയുന്നു. ഈ മലമുകളില്‍ ചെടികളെല്ലാം ദൈവത്തെക്കുറിച്ച്‌ സംസാരിക്കുന്നത്‌ ഇപ്പോള്‍ കേള്‍ക്കാം. ഡൊട്ടപേട്ടയിലെ ടെലസ്‌കോപ്പ്‌ ഹൗസിനരികില്‍നിന്നുള്ള ദൃശ്യം.


2. കൊളോണിയല്‍ കാലം ബാക്കിവെച്ച പഴമയുടെ സ്‌പര്‍ശം ഊട്ടിയില്‍ ഇപ്പോഴും ആഴത്തില്‍ പതിഞ്ഞു കിടപ്പുണ്ട്‌- സെന്റ്‌ഹാര്‍ട്ട്‌ ദേവാലയത്തിന്‌ പിന്നിലെ കുന്നിന്‍ ചെരുവില്‍നിന്നുള്ള ഊട്ടിപട്ടണത്തിന്റെ കാഴ്‌ച.

3. കാരറ്റ്‌ കഴുകുന്നവര്‍-സ്വര്‍ണവര്‍ണമാര്‍ന്ന കാരറ്റ്‌ തേടിപ്പോകുന്നവര്‍ അറിയുന്നില്ല, എത്ര ചെളി അതില്‍നിന്ന്‌ ക്ഷമാപൂര്‍വം കഴുകിക്കളഞ്ഞാലാണ്‌ അതിന്‌ ആ നിറം കിട്ടുകയെന്ന്‌. ഊട്ടിയിലിപ്പോള്‍ കാരറ്റ്‌ വിളവെടുപ്പിന്റെ കാലംകൂടിയാണ്‌. പാതയോരങ്ങളിലെല്ലാം കാരറ്റ്‌ വില്‍ക്കുന്നവരെ കാണാം. ഊട്ടിക്കു സമീപത്തെ ഒരു കൃഷിയിടത്തില്‍നിന്ന്‌.

4. ആകാശനീലിമ പൂവിതളിലും-ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ്‌ ഈ ദൃശ്യം സന്ദര്‍ശകര്‍ക്കായി ഒരുങ്ങി നിന്നത്‌.

5. അത്യുന്നതങ്ങളില്‍ -ആകാശത്തേക്ക്‌ തലയുയര്‍ത്തി നിര്‍ക്കുന്ന സെന്റ്‌ ഹാര്‍ട്ട്‌ ദേവാലയഗോപുരം. പത്തൊന്‍പതാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട ഈ ദേവാലയത്തിലെ കന്യാമറിയത്തിന്റെ രൂപത്തിന്‌ മുന്നില്‍ പ്രാര്‍ഥിച്ചുകൊണ്ടാണ്‌ ഊട്ടിയില്‍ പലരുടെയും ദിവസം ആരംഭിക്കുന്നത്‌.

6. ഒരു കുഞ്ഞുപൂവിലും തളിര്‍ക്കാറ്റിലും...സിമന്റ്‌ മൂടിയ നടപ്പാതകളും മുറ്റങ്ങളുമൊഴിവാക്കിയാല്‍, എവിടെയൊക്കെ പച്ചപ്പ്‌ ഉണ്ടോ അവിടെയെല്ലാം പൂക്കളാണ്‌; പല വര്‍ണത്തില്‍, വലിപ്പത്തില്‍, പല ഭാവത്തില്‍..ബൊട്ടാണിക്കല്‍ ഗാര്‍ഡന്‌ എതിരെയുള്ള കുന്നിന്‍ചെരുവില്‍നിന്നുള്ള ദൃശ്യം.

7. മേഘങ്ങളെ തടവലാക്കിയ താഴ്‌വര-ഏപ്രിലില്‍ ഊട്ടിയിലെ ആകാശത്തിന്‌ നീലവര്‍ണം കൂടുന്നതിനൊപ്പം, മേഘങ്ങളുടെ ശില്‌പഘടനയും വിവരണാതീധമാകും. ഡൊട്ടപേട്ടയില്‍നിന്നുള്ള താഴ്‌വരയുടെയും ആകാശത്തിന്റെയും കാഴ്‌ച.

8. ഭൂമിയുടെ അതിരുകള്‍-ഊട്ടി മൈസൂര്‍ റൂട്ടില്‍ നൈന്‍ത്‌ മൈല്‍ ഷൂട്ടിങ്‌ സ്‌പോട്ട്‌ എത്രയോ സിനിമകള്‍ക്ക്‌ ലൊക്കേഷനായിട്ടുള്ള പ്രദേശമാണ്‌. വിശാലമായ പുല്‍മേടും താഴ്‌വരകളും താണിറങ്ങിയ ആകാശവും സന്ദര്‍ശകരെ സംഭ്രമിപ്പിക്കും. കാറ്റിന്റെയും വെളിച്ചത്തിന്റെയും സാമ്രാജ്യമായ ആ കുന്നിന്‍ ചെരിവിറങ്ങിവരുന്ന ഒരു സന്ദര്‍ശകന്‍.

9. ഊട്ടി മാരിയമ്മന്‍ ക്ഷേത്രത്തിലെ രഥോത്സവം. വിഷുവിന്‌ പിറ്റേന്നാണ്‌ ഇവിടുത്തെ മുഖ്യ ആഘോഷം. പൊരിയും ഉപ്പും രഥത്തിന്‌ നേരെയെറിഞ്ഞാണ്‌ ഭക്തര്‍ ആവേശം പ്രകടിപ്പിക്കുക.