Tuesday, November 13, 2007

പതനം

ഓട്ടത്തിനിടയില്‍ പിടിവിട്ട്‌ കാബേജ്‌ തോട്ടത്തില്‍ വീണ ജീപ്പ്‌, റോഡിലെത്തിക്കാനുള്ള ശ്രമം. ഇടുക്കി ജില്ലയിലെ വട്ടവടയില്‍ നിന്ന്‌.

വള്ളത്തിന്റെ ആത്മഹത്യ പോലെ. തിരുവനന്തപുരം ജില്ലയില്‍ അമ്പൂരി ഗ്രാമത്തില്‍ നിന്നുള്ള ദൃശ്യം.

Saturday, November 10, 2007

മല കടന്ന്‌ പുഴയിലൂടെ...

മരങ്ങള്‍ക്കിടയിലേക്ക്‌....

തിരുവനന്തപുരം ജില്ലയില്‍ അമ്പൂരി ഗ്രാമത്തില്‍ നിന്ന്‌ കഴിഞ്ഞ മെയ്‌ മാസത്തില്‍ പകര്‍ത്തിയ ഒരു പ്രഭാത ദൃശ്യം.

Sunday, November 4, 2007

ചൂര മുതല്‍ ചൂരഫ്രൈ വരെ







'കുറിഞ്ഞി ഓണ്‍ലൈനി'ന്റെ ഒന്നാം വാര്‍ഷികത്തിന്‌ ചൂര സ്‌പെഷ്യലാവാം എന്നു തീരുമാനിച്ചതിന്റെ പരിണിതഫലമാണ്‌ ഈ ഫോട്ടോ പോസ്‌റ്റ്‌. മഴ പെയ്‌തുകൊണ്ടിരുന്ന ഒരു ഒക്ടോബര്‍ പ്രഭാതത്തില്‍ (കഴിഞ്ഞ ആറുമാസമായി വടക്കന്‍ കേരളത്തില്‍ മുഴുവന്‍ സമയവും മഴയായിരുന്നത്‌ കൊണ്ട്‌ 'മഴ പെയ്‌തുകൊണ്ടിരുന്ന പ്രഭാതം' എന്ന പ്രയോഗത്തില്‍ കഴമ്പില്ലെന്ന്‌ അറിയാം) കോഴിക്കോട്‌ വലിയങ്ങാടി മാര്‍ക്കറ്റിലെത്തിയപ്പോള്‍ കണ്ടത്‌ തിരുവനന്തപുരത്തു നിന്നുള്ള ഒരു ലോഡ്‌ ചൂര അവിടെ ഇറക്കുന്നതാണ്‌. അതിനാല്‍, ഈ ഫോട്ടോയിലുള്ളത്‌ തിരുവനന്തപുരം സ്വദേശികളായ ചൂരകളാണ്‌. നോക്കണേ, ചൂരകള്‍ അഞ്ഞൂറ്‌ കിലോമീറ്റര്‍ ലോറിയില്‍ കയറി വന്നിരിക്കുന്നു, ഫോട്ടോയെടുക്കാനായി! എല്ലാ ചൂര പ്രേമികള്‍ക്കുമായി ഈ പോസ്‌റ്റ്‌ സമര്‍പ്പിക്കുന്നു. 'കുറിഞ്ഞി ഓണ്‍ലൈനി'ലെ ചൂര സ്‌പെഷ്യല്‍ ഇവിടെ ഉണ്ട്‌.

Sunday, September 9, 2007

ഒരു വര്‍ഷം മുമ്പ്‌ ആ കുറിഞ്ഞിക്കാലത്ത്‌

ഈ നൂറ്റാണ്ടിലെ ആദ്യ നീലക്കുറിഞ്ഞി പൂക്കാലം വന്നുപോയിട്ട്‌ ഒരു വര്‍ഷം തികയുന്നു. ഇനി 11 വര്‍ഷം കൂടി കഴിയണം, മൂന്നാറിലും പരിസരത്തും മറ്റൊരു കുറിഞ്ഞിക്കാലമെത്താന്‍. ഒരുവര്‍ഷം മുമ്പത്തെ ആ കുറിഞ്ഞി വസന്തം ഓര്‍ക്കാന്‍ ഇവിടെയൊരു വീഡിയോ ക്ലിപ്പിങ്‌. ഇരവികുളം നാഷണല്‍ പാര്‍ക്കിന്റെ ടൂറിസ്റ്റ്‌ സോണില്‍ രാജമലയുടെ മുകളില്‍ പെട്ടമുടിയുടെ പരിസരത്തു നിന്ന്‌ കഴിഞ്ഞ വര്‍ഷം പകര്‍ത്തിയത്‌.

Tuesday, August 21, 2007

മൂന്നാര്‍ മൂന്നു നേരങ്ങളില്‍



കഴിഞ്ഞ സപ്‌തംബറില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിവ. മൂന്നാര്‍ വീണ്ടും വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചതാണ് ഇതിവിടെ പോസ്‌റ്റ്‌ ചെയ്യാന്‍ പ്രകോപനമായത്‌. ഈ പട്ടണത്തിന്റെ പേര് 'രവീന്ദ്രന്‍ പട്ടയപട്ടണം' എന്നാക്കുന്നതിനെക്കുറിച്ച് സര്ക്കാര്‍ ആലോചിക്കണം.

Friday, July 27, 2007

കാറ്റിന്‌ വേലി കെട്ടുമ്പോള്‍


തമിഴ്‌നാട്ടില്‍ കന്യാകുമാരിക്കു സമീപത്തെ വട്ടക്കോട്ടയില്‍ നിന്നു കാണാവുന്ന വിന്‍ഡ്‌ ഫാം. നൂറുകണക്കിന്‌ കാറ്റാടിയന്ത്രങ്ങള്‍ നട്ടിരിക്കുന്നു എന്നാണ്‌ തോന്നുക. കഴിഞ്ഞ മെയ്‌ മാസത്തിലെടുത്ത ദൃശ്യങ്ങള്‍.

Thursday, July 26, 2007

വേരിനെ പേടിച്ച്‌ മരം മുറിക്കുമ്പോള്‍

കോഴിക്കോട്‌ ബിലാത്തിക്കുളത്തെ കേശവമേനോന്‍ നഗറിലെ കോളനി അസോസിയേഷന്‍ ഭാരവാഹികള്‍ അടുത്തയിടെ പുതിയൊരു കണ്ടുപിടിത്തം നടത്തി. മരങ്ങള്‍ക്ക്‌ വേരുകളുണ്ട്‌. വേരുകള്‍ മണ്ണില്‍ ആണ്ടിറങ്ങുമത്രേ. അത്‌ സമീപത്തെ കെട്ടിടങ്ങള്‍ക്ക്‌ ഭീഷണിയാകും. കെട്ടിടം പെട്ടന്നു തകര്‍ന്നു വീണാല്‍ ആരാണ്‌ സമാധാനം പറയുക; വേരുകള്‍ പറയുമോ. ഈ അത്യാപത്ത്‌ ഒഴിവാക്കാന്‍ ഒറ്റ ഉപായമേയുള്ളു, അസോസിയേഷനിലെ ബുദ്ധിരാക്ഷസന്‍മാര്‍ തീരുമാനിച്ചു, കോളനിയിലെ മരങ്ങള്‍ എല്ലാം മുറിച്ചു മാറ്റുക.

ആ തീരുമാനം നടപ്പാക്കാന്‍ തുടങ്ങിയതിന്റെ ദൃശ്യങ്ങള്‍ ഇവിടെ കാണാം. പത്തിരുപത്‌ വര്‍ഷം പഴക്കമുള്ള ഒരു ബദാം മരം ഇനിയിവിടെ ഓര്‍മ മാത്രം. വര്‍ഷങ്ങളായി കോളനിയിലെ കുട്ടികള്‍ക്ക്‌ ബദാംകായ തല്ലിപ്പോട്ടിച്ചു തിന്നാന്‍ ആ മരം അവസരമൊരുക്കിയിരുന്നു. അയല്‍പക്കത്തെ സ്‌ത്രീകള്‍ക്ക്‌ എത്ര കൊടുംവേനലിലും കൂട്ടംകൂടി കുശലം പറയാനുണ്ടായിരുന്ന തണലും അസ്‌തമിച്ചു. ഇനിയും എത്രവര്‍ഷം, ഈ കോണ്‍ക്രീറ്റ്‌ കാടിന്‌ പച്ചപ്പിന്റെ സാന്നിധ്യവും ആശ്വാസവും നല്‍കേണ്ടിയിരുന്ന മരം. അടുത്ത നിര്‍ക്കുന്ന മരങ്ങള്‍ക്കും ഉടന്‍ കോടാലി വീഴും.

അസോസിയേഷന്റെ നിലവാരത്തില്‍ ചിന്തിച്ചിരുന്നെങ്കില്‍ കേരളത്തില്‍ മനുഷ്യവാസമുള്ള സ്ഥലങ്ങളില്‍ വൃക്ഷങ്ങളേ പാടില്ല. വേര്‌ അത്ര വലിയ ആപത്തായിരുന്നെങ്കില്‍ കേരളത്തില്‍ ഒറ്റ കെട്ടിടമെങ്കിലും അവശേഷിക്കുമായിരുന്നോ?